ഷാര്‍ജയിലെ സ്വകാര്യ സ്‍കൂളുകളില്‍ ഒക്ടോബര്‍ 31 മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍

  • 09/10/2021


ഷാര്‍ജ: ഷാര്‍ജയിലെ സ്വകാര്യ സ്‍കൂളുകളില്‍ (Sharjah Private Schools) ഒക്ടോബര്‍ 31 മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ (Direct learning) ആരംഭിക്കും. ഘട്ടം ഘട്ടമായിട്ടായിരിക്കും പൂര്‍ണമായും ക്ലാസുകള്‍ നേരിട്ടുള്ള രീതിയിലേക്ക് മാറുകയെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോരിറ്റി (Sharjah Private education Authority) അറിയിച്ചു. 

എമിറേറ്റിലെ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് കമ്മിറ്റിയുടെ കൂടി നിര്‍ദേശ പ്രകാരമാണ് നടപടികള്‍. വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‍കൂള്‍ ജീവനക്കാരുമെല്ലാം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. അതേസമയം ആരോഗ്യ സംബന്ധമായ പ്രശ്‍നങ്ങളുള്ളവര്‍ക്ക് ഇളവുകളുണ്ടാകും. സ്‍കൂളുകളില്‍ നേരിട്ടുള്ള പഠനത്തിലേക്കുള്ള തിരിച്ചുപോക്കിന് സ്‍കൂള്‍ അധികൃതരുടെയും രക്ഷിതാക്കളുടെയും സഹകരണം ആവശ്യമാണെന്നും അതിറിറ്റി അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ട്.

പ്രതിദിന കൊവിഡ് കണക്കുകള്‍ 150ലും താഴെയായതോടെ യുഎഇയില്‍ പൊതുവെ ആശ്വാസകരമായ അവസ്ഥയാണിപ്പോള്‍. ജനസംഖ്യാടിസ്ഥാനത്തില്‍ ഏറ്റവുമധികം പേര്‍ക്ക് വാക്സിന്‍ നല്‍കിയ രാജ്യങ്ങളിലും മുന്‍പന്തിയിലാണ് യുഎഇ. 100 പേര്‍ക്ക് 205 ഡോസ് എന്ന കണക്കിലാണ് യുഎഇയിലെ വാക്സിനേഷന്‍ നിരക്ക് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

Related News