യുഎഇയിലെയും മറ്റു മധ്യപൂർവദേശ രാജ്യങ്ങളിലെയും വിമാനക്കമ്പനികളിലേയ്ക്ക് 2 ലക്ഷം പേർക്ക് അവസരം

  • 21/10/2021


ദുബായ്: യുഎഇയിലെയും മറ്റു മധ്യപൂർവദേശ രാജ്യങ്ങളിലെയും വിമാനക്കമ്പനികൾക്ക് 2 ലക്ഷം ജീവനക്കാരെ ആവശ്യമുണ്ട്.  മേഖലയിലെ വാണിജ്യ വ്യോമയാന വ്യവസായത്തിന് ഏകദേശം 91,000 കാബിൻ ക്രൂവും 54,000 പൈലറ്റുമാരും 51,000 സാങ്കേതിക ജീവനക്കാരും ആവശ്യമുണ്ടെന്ന് യുഎസ് വിമാന നിർമാതാവ് പറഞ്ഞു. 

ഭാവിയിൽ മാനവ വിഭവശേഷി ഗണ്യമായി വർധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ബോയിങ് മിഡിൽ ഈസ്റ്റ് & ആഫ്രിക്കയുടെ വാണിജ്യ മാർക്കറ്റിങ് മാനേജിങ് ഡയറക്ടർ റാൻഡി ഹെയ്‌സി പറഞ്ഞു.

2021 ലെ വാണിജ്യ മാർക്കറ്റ് ഔട്ട്ലുക്കിൽ (സിഎംഒ) പ്രവചിക്കുന്നത് മിഡിൽ ഈസ്റ്റിലെ എയർലൈനുകൾക്ക് 700 ബില്യൺ ഡോളർ വിലമതിക്കുന്ന 3,000 പുതിയ വിമാനങ്ങൾ ആവശ്യമായി വരുമെന്നാണ്. 

അതേസമയം, യുഎഇയിലെ എയർലൈനുകൾ അവരുടെ റിക്രൂട്ട്മെന്റ് ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.  അടുത്തിടെ, അബുദാബിയിലെ ഇത്തിഹാദ് എയർവേയ്സ് കാബിൻ ക്രൂ ആയി ചേരാൻ 1,000 പുതിയ ജീവനക്കാരെ നിയമിക്കുകയാണെന്ന് അറിയിച്ചിരുന്നു. 

യുഎഇ ഒഴികെ ഈജിപ്ത്, ലബനൻ, റഷ്യ, സ്പെയിൻ, ഇറ്റലി, നെതർലൻ‍ഡ്സ് തുടങ്ങി 10 രാജ്യങ്ങളിൽ റിക്രൂട്ട്മെന്റ് ദിവസങ്ങൾ നടക്കും. കഴിഞ്ഞ 18 മാസങ്ങൾ അവിശ്വസനീയമാംവിധം ബുദ്ധിമുട്ടേറിയതായിരുന്നു. 

എന്നിരുന്നാലും, യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനാൽ ശുഭാപ്തി വിശ്വാസമുണ്ട്. ഇതിന്റെ നിർണായകമായ ഭാഗം ഞങ്ങളുടെ കാബിൻ ക്രൂ ടീമിനെ പുനർനിർമിക്കുകയാണെന്ന് ഇത്തിഹാദ് എയർവേയ്‌സിന്റെ ക്രൂ പെർഫോമൻസ് ആൻഡ് സപ്പോർട്ട് തലവൻ ജിഹാദ് മത്ത പറഞ്ഞു. 

അടുത്ത ആറു മാസത്തിനുള്ളിൽ 3,000 കാബിൻ ക്രൂവിനെയും 500 എയർപോർട്ട് സർവീസ് ജീവനക്കാരെയും ദുബായ് ഹബ്ബിൽ ചേരാൻ ലോകമെമ്പാടുമുള്ള പ്രചാരണം ആരംഭിച്ചതായി എമിറേറ്റ്സ് എയർലൈൻസ് അധികൃതർ അറിയിച്ചു.  യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് അനുസൃതമായി നെറ്റ്‌വർക്ക് പ്രവർത്തനങ്ങൾ ക്രമേണ പുനഃസ്ഥാപിച്ച എമിറേറ്റ്സ്, കഴിഞ്ഞ വർഷം കോവിഡ്19 കാരണം വിമാനങ്ങളിൽ ഗണ്യമായ കുറവ് വരുത്തിയപ്പോൾ ഒഴിവാക്കിയ പൈലറ്റുമാരെയും കാബിൻ ക്രൂവിനെയും മറ്റു ജീവനക്കാരെയും തിരിച്ചു വിളിക്കുന്നു.

Related News