മോൻസൻ മാവുങ്കലിന്‍റെ മ്യൂസിയം കണ്ടപ്പോൾ തന്നെ സംശയം തോന്നിയിരുന്നു'; ലോക്നാഥ് ബെഹ്‌റയുടെ മൊഴി പുറത്ത്

  • 25/10/2021


കൊച്ചി: മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ  മൊഴി  രേഖപ്പെടുത്തി. സമൂഹ മാധ്യമങ്ങളിൽ കണ്ട വാർത്തയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം സന്ദർശിച്ചതെന്ന് ബെഹ്റ മൊഴി നൽകി. അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാ‌ഞ്ച് ഹൈക്കോടതിയ്ക്ക് കൈമാറി.  
 
മോൻസൻ മാവുങ്കലിന്‍റെ ചേർത്തലയിലും കൊച്ചിയിലെയും വീടുകൾക്ക് മുന്നിൽ പൊലീസ് പട്ട ബുക്ക് സ്ഥാപിച്ചത് ലോക്നാഥ് ബഹ്റയുടെ നിർ‍ദ്ദേശപ്രകാരം ആണെന്ന രേഖകൾ പുറത്ത് വന്നിരുന്നു. മോൻസന്‍റെ മ്യൂസിയത്തിലും ബെഹ്റ സന്ദർശനം നടത്തിയിരുന്നു. ഇത് സംബന്ധിച്ചാണ് എഡിജിപി എസ് ശ്രീജിത് മൊഴിയെടുത്തത്. 

എന്നാൽ മ്യൂസിയം സന്ദർശിച്ചത് സമൂഹമാധ്യമളിലൂടെ അറിഞ്ഞാണെന്നും ആരും ക്ഷിച്ചിട്ടല്ല പോയതെന്നും ബെഹ്റ വിശദീകരിക്കുന്നത്. വിദേശ മലയാളിയായ അനിത പുല്ലയിൽ ആണ് ബഹ്റയെ ക്ഷണിച്ചതെന്നായിരുന്നു ജീവനക്കാർ അടക്കം നൽകിയ മൊഴി.

മോൻസനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അട്ടിമറിച്ചെന്ന ആരോപണം നേരിടുന്ന ഐജി ജി ലക്ഷ്മണ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ പുരോഗതി റിപ്പോർട്ട് വൈകിട്ടോടെ ഹൈക്കോടതിയ്ക്ക് കൈമാറി. തട്ടിപ്പുകാരന്‍റെ വീടിന് പോലീസ് എങ്ങനെ സുരക്ഷ നൽകിയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. കേസ് നാളെ ഹൈക്കോടതി പരിഗണിക്കും. 

ഇതിനിടെ മോൻസന്‍റെ തിരുമ്മൽ കേന്ദ്രം തട്ടിപ്പാണെന്നും ഡ്രൈവറായ താൻ അടക്കമാണ് ചികിത്സ നടത്തിയതെന്നും ജീവനക്കാരനായ ജെയ്സൺ വെളിപ്പെടുത്തി. ഇതിനിടെ ശിൽപ്പി സന്തോഷിനെ വ‌ഞ്ചിച്ച കേസിൽ  മോൻസൻ മാവുങ്കിലിനെ ഈ മാസം 27 വരെ കസ്റ്റഡിയിൽ വിട്ടു. പോക്സോ കേസിൽ മോൻസന്‍റെ അറസ്റ്റ് ഉടൽ രേഖപ്പെടുത്തും. മോൻസന്‍റെ മാനേജർ ജിഷ്ണു അടക്കം കൂടുതൽ ജീവനക്കാരെയും ഇന്ന് ചോദ്യം ചെയ്തു.

Related News