കേരളത്തിലെ അമ്മമാര്‍ക്ക് മുന്നില്‍ പിണറായിക്ക് തല താഴ്ത്തിയല്ലാതെ നില്‍ക്കാനാകില്ല: കെ.കെ.രമ

  • 26/10/2021

തിരുവനന്തപുരം: അനുപമ വിഷയത്തിൽ സർക്കാരിനെ മുൾമുനയിൽ നിർത്തി നിയമസഭയിൽ പ്രതിപക്ഷം. സർക്കാരും ശിശുക്ഷേമസമിതിയും ചേർന്ന് ആസൂത്രിതമായി നടപ്പിലാക്കിയ ഹീനമായ ദുരഭിമാന കുറ്റകൃത്യമാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. ആഭ്യന്തരവകുപ്പിന്റെ തലവനായ മുഖ്യമന്ത്രിക്ക് തല താഴ്തിയല്ലാതെ കേരളത്തിലെ അമ്മമാരുടെ മുന്നിൽ നിൽക്കാനാവില്ലെന്ന് അടിയന്തരപ്രമേയ നോട്ടീസ് നൽകിക്കൊണ്ട് കെ.കെ.രമ കുറ്റപ്പെടുത്തി. അനുപമയുടെ അച്ഛന്റെ ഭരണ, രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിന് മുമ്പിൽ പേരൂർക്കട പോലീസ് നട്ടെല്ലുവളച്ച് നിന്നുവെന്നും നിയമപരമായി പ്രവർത്തിക്കേണ്ട ശിശുക്ഷേമസമിതി ഗുരുതരമായ അനാസ്ഥ വിഷയത്തിൽ കാണിച്ചുവെന്നും ഇത് പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്നും കെ.കെ.രമ നിയമസഭയിൽ പറഞ്ഞു. ഇതിനിടെ കെ.കെ.രമയുടെ അടിയന്തരപ്രമേയം സ്പീക്കർ ഇടപെട്ട് നിർത്തിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സ്പീക്കറുടെ ഡയസിനടുത്തെത്തി പ്രതിഷേധിച്ചു.


ശിശുക്ഷേമ സമിതി നിയമപരമായുള്ള നടപടി ക്രമങ്ങൾ പാലിച്ചാണ് ദത്ത് നൽകിയതെന്നായിരുന്നു ഇതിന് മറുപടിയായി മന്ത്രി വീണാ ജോർജ് അറിയിച്ചത്. ദത്ത് നൽകിയ കുട്ടി അനുപമയുടെ കുട്ടിയാണോ എന്ന് അറിയില്ലെന്നായിരുന്നു മന്ത്രി പറഞ്ഞു. കോടതി നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും വളർത്താൻ തയ്യാറെങ്കിൽ കുട്ടി അമ്മയ്ക്കൊപ്പമാണ് ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു. ശിശുക്ഷേമ സമിതിയെ വെള്ളപൂശി അവരെ കുറ്റകൃത്യത്തിൽ നിന്ന് മോചിപ്പിക്കാനാണ് മന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. കെ.കെ.രമയ്ക്ക് മറുപടി നൽകാൻ സമയം നൽകാതിരിക്കുകയും മൈക്ക് ഓഫ് ചെയ്യുകയും ചെയ്ത സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.

Related News