ഗോൾഡൻ വീസ: സ്വന്തം ജീവൻ മറന്നും സ്തുത്യർഹ സേവനം കാഴ്ചവച്ച മുൻനിര പോരാളികൾക്ക് യുഎഇയുടെ ആദരവ്

  • 01/11/2021


അബുദാബി: കോവിഡ് വ്യാപനം തടയുന്നതിൽ സ്വന്തം ജീവൻ മറന്നും സ്തുത്യർഹ സേവനം കാഴ്ചവച്ച മുൻനിര പോരാളികൾക്ക് യുഎഇയുടെ ആദരമായി ഗോൾഡൻ വീസ നൽകുന്നു. നഴ്സുമാർ ഉൾപ്പെടെ മുൻനിര പോരാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഗോൾഡൻ വീസ നൽകാൻ അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്നലെ ഉത്തരവിട്ടിരുന്നു.

സേവനത്തിനിടെ മരിച്ച ആരോഗ്യപ്രവർത്തകരുടെ കുടുംബാംഗങ്ങൾക്കും ദീർഘകാല വീസ നൽകണമെന്നും നിർദേശമുണ്ട്. നേരത്തെ ആരോഗ്യമേഖലയിൽ നിന്ന് ഡോക്ടർമാർക്കാണ് ഗോൾഡൻ വീസ നൽകിയിരുന്നത്. അബുദാബിയിൽ മാത്രം 500ലേറെ ഡോക്ടർമാർക്ക് 10 വർഷ കാലാവധിയുള്ള വീസ നൽകിയിരുന്നു. 

മുൻനിര പോരാളികളുടെ പരിശ്രമങ്ങൾക്കും ത്യാഗങ്ങൾക്കും അംഗീകാരമാണ് ഗോൾഡൻ വീസയെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന വിശിഷ്ട പ്രഫഷണലുകൾക്ക് ലോകോത്തര സേവനം നൽകിയാണ് യുഎഇ പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്നത്. യുഎഇ ആരോഗ്യവിഭാഗം ലൈസൻസുള്ള ഡോക്ടർമാർക്ക് ജൂലൈ മുതൽ വീസ നൽകിത്തുടങ്ങിയിരുന്നു.

അവശേഷിക്കുന്നവർക്ക് 2022 സെപ്റ്റംബറിനകം smartservices.ica.gov.ae വെബ്‌സൈറ്റ് വഴി അപേക്ഷിക്കണമെന്നും അറിയിച്ചു. ദുബായ് ആരോഗ്യവിഭാഗം ലൈസൻസുള്ള ഡോക്ടർമാർക്ക് smart.gdrfad.gov.ae വഴിയാണ് അപേക്ഷിക്കേണ്ടത്. മുൻനിര പോരാളികളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ്, വിദേശത്തുള്ള കുടുംബങ്ങളെ കാണാൻ മടക്ക യാത്രാ ടിക്കറ്റ് തുടങ്ങി ഒട്ടേറെ ആനുകൂല്യം മുൻനിര പ്രവർത്തകർക്ക് നൽകിയിരുന്നു.  

ആരോഗ്യമേഖലയിലെ എല്ലാ ജീവനക്കാർക്കും വിമാന ടിക്കറ്റ് ലഭിച്ചതിനാൽ തന്നെ ഗോൾഡൻ വീസ പരിധിയിലും ഉൾപ്പെടുത്തുമോ എന്ന് ഉറ്റുനോക്കുകയാണ് ആരോഗ്യമേഖലയിലെ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ.

Related News