വിജയ് സേതുപതിയുടെ സഹായിയെ ആക്രമിച്ചത് മലയാളി; കസ്റ്റഡിയിലെടുത്തു

  • 04/11/2021

ബെംഗളൂരു: നടൻ വിജയ് സേതുപതിയുടെ സഹായിയെ ബെംഗളൂരു വിമാനത്താവളത്തിൽവെച്ച് ആക്രമിച്ചത് മലയാളിയെന്ന് സ്ഥിരീകരണം. ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനായ ജോൺസൺ എന്നയാളാണ് അക്രമം നടത്തിയത്. ഇയാളെ ബെംഗളൂരു പോലീസ് കസ്റ്റഡിയിൽ എടുത്തു.

ചൊവ്വാഴ്ച വൈകുന്നേരമാണ് വിജയ് സേതുപതിയും സഹായിയും സംഘവും ചെന്നൈയിൽനിന്ന് ബെംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയത്. അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ വന്നതായിരുന്നു സംഘം.

നടനും സംഘവും വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടൻതന്നെ സെൽഫി എടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് ജോൺസൺ അടുത്തേക്ക് ചെന്നു. എന്നാൽ ഇയാൾ മദ്യപിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. അതിനാൽ ഇപ്പോൾ സെൽഫി എടുക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് നടന്റെ സഹായി ഇയാളെ മാറ്റിനിർത്തി.

തുടർന്ന് ഇയാൾ പ്രകോപിതനായി നടനും സംഘത്തിനും പിന്നാലെ വരികയും ആക്രമിക്കുകയുമായിരുന്നു. ജോൺസൺ നടന്റെ സഹായിയെ പിന്നിൽനിന്ന് ചവിട്ടിയതിന്റെ ദൃശ്യങ്ങളാണ് പിന്നീട് സാമൂഹികമാധ്യമങ്ങളിൽ വൈറലായത്.

സംഭവം നടന്നതിന് പിന്നാലെ ജോൺസൺ വിജയ് സേതുപതിയോടും സംഘത്തോടും മാപ്പ് പറഞ്ഞിരുന്നു. തുടർന്ന് പ്രശ്നം അവിടെവെച്ചു തന്നെ പരിഹരിക്കപ്പെടുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ബെംഗളൂരു പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

Related News