യുഎഇയിലെ വാരാന്ത്യ അവധി മാറ്റം വ്യാജമോ? പ്രചാരണങ്ങളിലെ വാസ്തവമെന്ത്?

  • 07/12/2021

അബുദാബി: യുഎഇയില്‍ വാരാന്ത്യ അവധി ദിവസങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നതിന് പിന്നാലെ, സാമൂഹിക മാധ്യമങ്ങളില്‍ അവധി മാറ്റം സംബന്ധിച്ച വാര്‍ത്ത യുഎഇ അധികൃതര്‍ നിഷേധിച്ചുവെന്ന രീതിയില്‍ ഒരു സന്ദേശം പ്രചരിക്കുകയാണ്. യുഎഇയിലെ പ്രമുഖ മാധ്യമമായ 'ഖലീജ് ടൈംസി'ന്റെ ഒരു സ്‍ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് ഈ സന്ദേശം വാട്സ്ആപിലും ഫേസ്‍ബുക്കിലും പ്രചരിക്കുന്നത്.

മുമ്പും യുഎഇയില്‍ അവധി ദിനങ്ങള്‍ മാറ്റുന്നുവെന്ന തരത്തില്‍  അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അന്നൊക്കെ ഇത് സംബന്ധിച്ച തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് അധികൃതര്‍ വിശദീകരണം നല്‍കിയിട്ടുമുണ്ട്.  ഇത്തരത്തില്‍ ഇക്കഴിഞ്ഞ മേയ് മാസം ആറാം തീയതി പുറത്തിറക്കിയ ഒരു വിശദീകരണക്കുറിപ്പ് സംബന്ധിച്ച് 'ഖലീജ് ടൈംസ്' പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ഇപ്പോഴത്തേതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇതിന്‍റെ വാസ്തവമറിയാതെ പലരും ഈ സന്ദേശം നവമാധ്യമങ്ങളില്‍ പങ്കുവെയ്‍ക്കുന്നുമുണ്ട്. തങ്ങളുടെ പഴയ വാര്‍ത്തയുടെ സ്‍ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നതെന്ന് ഖലീജ് ടൈംസ് തന്നെ വിശദീകരിക്കുകയും ചെയ്‍തിട്ടുണ്ട്.

ചൊവ്വാഴ്‍ചയാണ് (2021 ഡിസംബര്‍ 7) യുഎഇയിലെ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരുത്തിയതായി അറിയിപ്പ് പുറത്തുവന്നത്. യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും യുഎഇ മീഡിയാ ഓഫീസും ഇക്കാര്യം ഔദ്യോഗികമായിത്തന്നെ അറിയിച്ചിട്ടുമുണ്ട്. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാണ് പുതിയ മാറ്റം ബാധകമാവുകയെന്ന് അറിയിച്ചിരുന്നെങ്കിലും ദുബൈയിലെയും അബുദാബിയിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളും പുതിയ രീതിയിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചു. 2022 ജനുവരി ഒന്ന് മുതലാണ് പുതിയ വാരാന്ത്യ അവധി ദിനങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. നിലവിലുള്ള ആഴ്ചയിലെ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്ക് പകരം നാലര ദിവസമായിരിക്കും അടുത്ത വര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ 3.30 വരെയും വെള്ളിയാഴ്‍ച 7.30 മുതല്‍ 12 മണി വരെയുമായിരിക്കും പ്രവൃത്തി സമയം. വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷം മുതല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയായിരിക്കും.

Related News