യുഎഇയില്‍ ഇനി സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് ഒരേ അവധി; വന്‍ മാറ്റങ്ങള്‍

  • 14/12/2021

അബുദാബി: യുഎഇയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ ഒരേ അവധി ദിവസങ്ങള്‍. മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം തിങ്കളാഴ്ചയാണ് തൊഴില്‍ സംവിധാനങ്ങളുടെ ഏകീകരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.  2022 ഫെബ്രുവരി രണ്ട് മുതല്‍ തീരുമാനം നടപ്പിലാകും.

 ഇത് പ്രകാരം യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഒരേ അവധിയായിരിക്കും ലഭിക്കുക. 30 ദിവസത്തെ വാര്‍ഷിക അവധിയും പൊതു അവധികളും രണ്ട് മേഖലകള്‍ക്കും ലഭിക്കും. കൂടാതെ 60 ദിവസത്തെ പ്രസവാവധി, അഞ്ച് ദിവസം പിതൃത്വ(പറ്റേണിറ്റി)അവധി എന്നിങ്ങനെയുള്ള അവധികളും സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് തുല്യമായിരിക്കും. 60 ദിവസത്തെ പ്രസവാവധിയില്‍ 45 ദിവസം ശമ്പളത്തോട് കൂടിയും 15 ദിവസം പകുതി ശമ്പളത്തോടെയുമാണ് അവധി നല്‍കുക. പ്രസവാവധി എടുത്തതിന് ജീവനക്കാരെ ജോലിയില്‍ നിന്ന് പുറത്താക്കാനാകില്ല. വനിതാ ജീവനക്കാര്‍ക്ക് അവരുടെ പ്രസവാവധിയും മറ്റ് ഏതെങ്കിലും അംഗീകൃത അവധി ദിവസങ്ങളും ഒരുമിച്ചെടുക്കാനും കഴിയും. 

ഭാര്യയോ ഭര്‍ത്താവോ മരണപ്പെട്ടാല്‍ അഞ്ച് ദിവസത്തെ അഞ്ച് ദിവസവും ഏറ്റവും അടുത്ത കുടുംബാഗം മരണപ്പെട്ടാല്‍ മൂന്ന് ദിവസവും ജീവനക്കാര്‍ക്ക് അവധി നല്‍കും.  ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തില്‍ ആകെ കുറഞ്ഞത്  90 ദിവസമാണ് അസുഖസംബന്ധമായി അവധി ലഭിക്കുക. ഇതില്‍ 15 ദിവസം ശമ്പളത്തോട് കൂടിയ അവധിയും 30 ദിവസം പകുതി ശമ്പളത്തോട് കൂടിയും ബാക്കി ദിവസങ്ങള്‍ ശമ്പളമില്ലാതെയുമാണ് അനുവദിക്കുക. യുഎഇയിലോ രാജ്യത്തിന് പുറത്തോ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ യൂണിവേഴ്‌സിറ്റികളിലോ പഠന ആവശ്യങ്ങള്‍ക്ക് ചേര്‍ന്നിട്ടുള്ള ജീവനക്കാര്‍ക്ക് പരീക്ഷയ്ക്കായി വര്‍ഷത്തില്‍ 10 ദിവസം അവധി ലഭിക്കും. 

Related News