അബുദാബിയില്‍ പ്രവേശിക്കാന്‍ ഇന്ന് മുതല്‍ ഇഡിഇ സ്‍കാനിങ് നിര്‍ബന്ധമാക്കി

  • 19/12/2021

അബുദാബി: അബുദാബിയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വന്നു. ഞായറാഴ്‍ച മുതല്‍ യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍  നിന്ന് അബുദാബിയിലേക്ക് പോകുന്നവരെ അതിര്‍ത്തി പോയിന്റുകളില്‍ വെച്ച് ഇ.ഡി.ഇ സ്‍കാനിങിന് വിധേയമാക്കിത്തുടങ്ങി. 

കൊവിഡ് രോഗികളായിരിക്കാന്‍ സാധ്യതയുള്ളവരെ ഇ.ഡി.ഇ സ്‍കാനിങിലൂടെ കണ്ടെത്താന്‍ സാധിക്കും. ഈ പരിശോധനയില്‍ പോസിറ്റീവ് ആയാല്‍ അവിടെത്തന്നെ സജ്ജീകരിച്ചിരിക്കുന്ന ടെസ്റ്റിങ് സെന്ററില്‍ വെച്ച് ആന്റിജന്‍ പരിശോധനയും നടത്തും. ഈ പരിശോധന സൗജന്യമാണ്. 20 മിനിറ്റിനുള്ളില്‍ ആന്റിജന്‍ പരിശോധനയുടെ ഫലം ലഭ്യമാവുകയും ചെയ്യും. ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ അബുദാബിയില്‍ ഷോപ്പിങ് മാളുകളിലും ചില റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും ഇ.ഡി.ഇ സ്‍കാനറുകള്‍ ഉപയോഗിക്കുന്നുണ്ട്. 

മൊബൈല്‍ സ്കാനിങ് ഉപകരണം പരിശോധിക്കേണ്ട ആളിന് നേരെ അല്‍പനേരം കാണിക്കും. ഇലക്ട്രോ മാഗ്നറ്റിങ് തരംഗങ്ങളിലുണ്ടാകുന്ന വ്യതിയാനം കണക്കാക്കി കൊവിഡ് രോഗികളായിരിക്കാന്‍ സാധ്യതയുള്ളവരെ കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണമാണിത്. 

Related News