റെയ്‍ഡിനെത്തിയ പൊലീസിനെ കണ്ട് പ്രവാസി കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് ചാടി

  • 25/12/2021

ഷാര്‍ജ:  ഷാര്‍ജയില്‍ റെയ്‍ഡിനെത്തിയ പൊലീസ് സംഘത്തെ കണ്ട് മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ 45 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍. അല്‍ നബാ ഏരിയയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്  രാത്രിയായിരുന്നു സംഭവം ഉണ്ടായത്. 

പൊലീസ് അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് രക്ഷപ്പെടാനായാണ് മൂന്നാം നിലയില്‍ നിന്ന് ഇയാള്‍ താഴേക്ക് ചാടിയത്. ഒരു അപ്പാര്‍ട്ട്മെന്റില്‍ ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. നേരത്തെ തന്നെ സ്ഥലം പരിശോധിച്ച് വിവരം ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം റെയ്‍ഡ് നടത്താനുള്ള സന്നാഹവുമായാണ് പൊലീസ് സംഘം എത്തിയത്. 

ഈ സമയം കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ അപ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിയാണ് താഴേക്ക് ചാടിയത്. ഇയാളുടെ കാലുകള്‍ ഒടിയുകയും തലയോട്ടിക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്‍തു. ഇയാള്‍ മരണത്തില്‍ നിന്ന് കഷ്‍ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. ഉടന്‍ തന്നെ നാഷണല്‍ ആംബുലന്‍സ് സംഘം സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണിപ്പോള്‍. സംഭവത്തില്‍ വാസിത്ത് പൊലീസ് അന്വേഷണം തുടങ്ങി.

Related News