യുഎഇയില്‍ വാട്‌സാപ്പ് വഴി മയക്കുമരുന്ന് ഇടപാട്; രണ്ട് വിദേശികള്‍ക്ക് വധശിക്ഷ

  • 05/01/2022

അബുദാബി: മയക്കുമരുന്ന് ഇടപാടും വില്‍പ്പനയും നടത്തിയ രണ്ട് വിദേശികളെ അബുദാബി ക്രിമിനല്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. രണ്ട് ഫിലിപ്പീന്‍സ് സ്വദേശികള്‍ക്കാണ് ശിക്ഷ വിധിച്ചത്. വിദേശത്ത് നിന്നും മയക്കുമരുന്ന് രാജ്യത്ത് എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു രണ്ടുപേരും. 

പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നും ഇത് കടത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ലഹരി വസ്തുക്കള്‍ എത്തിച്ച് തരംതിരിച്ച ശേഷം ഇവിടെ നിന്ന് മറ്റിടങ്ങളിലേക്ക് എത്തിച്ച് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുകയാണ് ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. വാട്‌സാപ്പ് വഴി ചിത്രങ്ങള്‍ അയച്ചാണ് സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. 

പൊലീസ് അന്വേഷണം നടത്തിയ ശേഷം അബുദാബി പബ്ലിക് പ്രോസിക്യൂഷനെ സമീപിച്ച് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തുടര്‍ന്ന് പ്രതികളുടെ വീടുകളില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. ഇവിടെ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു. ഇടപാടിനായി ഉപയോഗിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തു. 

Related News