പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്: യുഎയിൽ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനം

  • 10/02/2022

അബുദാബി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് വന്നതോടെ യുഎയിൽ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഭരണകൂടത്തിൻ്റെ തീരുമാനം. ഷോപ്പിങ് മാളുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ചുള്ള നിബന്ധനകളില്‍ ഫെബ്രുവരി പകുതിയോടെ മാറ്റം വരും.

ബുധാനാഴ്‍ച യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റി നടത്തിയ പതിവ് വാര്‍ത്താ സമ്മേളനത്തിലാണ് നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. വിനോദ കേന്ദ്രങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്ന നടപടിയും പിന്‍വലിക്കും. 

ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ മാറ്റി ഫെബ്രുവരി പകുതിയോടെ പരമാവധി ഇളവുകളിലേക്ക് എത്തുകയാണ് ലക്ഷ്യമെന്ന് നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‍മെന്റ് അതോരിറ്റി വക്താവ് ഡോ. സൈഫ് അല്‍ ദാഹിരി പറഞ്ഞു. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും.

എന്നാല്‍ ഓരോ മേഖലയിലും പരമാവധി അനുവദിക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച തീരുമാനം അതത് എമിറേറ്റുകളായിരിക്കും കൈക്കൊള്ളുക. ഓരോ എമിറേറ്റിനും അനിയോജ്യമായ തരത്തില്‍ അവിടങ്ങളിലെ ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് കമ്മിറ്റികള്‍ തീരുമാനമെടുക്കും. അതേസമയം അല്‍ ഹുന്‍സ് ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ് സംവിധാനം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. 

Related News