താൽകാലിക വീസകൾ സ്ഥിരം വീസയാക്കാനായി രാജ്യം വിട്ടുപോകേണ്ടന്ന് യുഎഇ അധികൃതർ

  • 10/02/2022

ദുബായ്: താൽകാലിക വീസകൾ സ്ഥിരം വീസയാക്കാനായി രാജ്യം വിട്ടതിനു ശേഷം വീണ്ടും അപേക്ഷിക്കേണ്ടന്ന് യുഎഇ അധികൃതർ. സന്ദർശക, ടൂറിസ്റ്റ് വീസയിൽ എത്തുന്നവർക്ക് തൊഴിൽ വീസയിലേക്ക് മാറാനാകും. അതിനായി 550 ദിർഹം ഫീസ് (ഏകദേശം 11,189 രൂപ) അടച്ചാൽ മതിയെന്ന് യുഎഇ അധികൃതർ അറിയിച്ചു.

നേരത്തേ, രാജ്യം വിട്ടതിനു ശേഷം പുതിയ വീസയിൽ വരണമായിരുന്നു. ഫീസ് സംബന്ധിച്ച ചില അവ്യക്തതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം. നിലവിലുള്ള വീസ കാലാവധി തീരും മുൻപ് വീസ മാറ്റത്തിന് അപേക്ഷ നൽകണം. കാലാവധി തീർന്നാൽ വൈകിയ ദിവസങ്ങൾക്ക് പിഴ നൽകേണ്ടിവരും.

സന്ദർശക, ടൂറിസ്റ്റ് വീസയിൽ എത്തിയവർ കാലാവധി തീർന്നശേഷമുള്ള ആദ്യ ദിവസത്തിന് 200 ദിർഹവും (ഏകദേശം 4068 രൂപ) പിന്നീടുള്ള ഓരോ ദിവസത്തിനും 100 ദിർഹം (ഏകദേശം 2000 രൂപ) വീതവുമാണ് പിഴയടയ്ക്കേണ്ടത്. ഇതിനു പുറമേ, രാജ്യം വിടുന്ന ദിവസം 100 ദിർഹം സേവന നിരക്കായും നൽകണം.

തൊഴിൽ വീസയിലുള്ളവർ പുതിയ വീസയിലേക്ക് മാറുമ്പോൾ 30 ദിവസമാണ് സമയപരിധി. ഇതിനകം പുതിയ സ്പോൺസറുടെ കീഴിലാകുകയോ രാജ്യം വിടുകയോ വേണമെന്നാണു നിയമം. 30 ദിവസം കഴിഞ്ഞിട്ടും സ്പോൺസർ മാറ്റം (നഖ്ൽ കഫാല) സാധ്യമായില്ലെങ്കിൽ പിഴയടയ്ക്കുകയോ രാജ്യം വിടുകയോ വേണം.

വൈകുന്ന ആദ്യ ദിവസത്തിൽ 125 ദിർഹവും (2542 രൂപ) പിന്നീടുള്ള ഓരോ ദിവസത്തിനും 25 ദിർഹം (508 രൂപ) വീതവുമാണു പിഴ. 6 മാസം വരെ ഇതാണു നിരക്ക്. അതുകഴിഞ്ഞാൽ ഓരോ ദിവസത്തിനും 50 ദിർഹം (ആയിരത്തിലേറെ രൂപ) വീതം പിഴ ചുമത്തും. ഒരു വർഷം വരെ ഇതേരീതിയിൽ തുടർന്നാൽ പ്രതിദിനം നൽകേണ്ട പിഴ 100 ദിർഹമാകും. വീസ അപേക്ഷകളിലെ അടിയന്തര സേവനങ്ങൾക്ക് 100 ദിർഹം അധികമായി ഈടാക്കും. വിവരങ്ങൾക്ക് സൈറ്റ്: https://icp.gov.ae/en/

Related News