വിനോദ സഞ്ചാര മേഖലയിൽ അബുദാബിയും കേരളവും പരസ്പരം സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനം

  • 11/02/2022




അബുദാബി: വിനോദസഞ്ചാരമേഖലയിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാൻ അബുദാബിയും കേരളവും തീരുമാനിച്ചു. യു.എ.ഇ.യിൽ സന്ദർശനം നടത്തുന്ന സംസ്ഥാന വിനോദസഞ്ചാര-പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്കുമായി അബുദാബിയിൽ നടത്തിയ കൂട്ടിക്കാഴ്ചയിലാണ് തീരുമാനം. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ അടുത്തുതന്നെ ഒപ്പുവെക്കാനും യോഗം തീരുമാനിച്ചു.

ആഗോള വിനോദസഞ്ചാരമേഖലയിൽ കേരളത്തിന്റെ പ്രാധാന്യവും മഹിമയും മന്ത്രി അൽ മുബാറക്കിന് വിവരിച്ചു. കേരളത്തിന്റെ പച്ചപ്പും പ്രകൃതിഭംഗിയും ആതിഥ്യമര്യാദയുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികളെ അങ്ങോട്ട് ആകർഷിക്കുന്നത്. ഈ മേഖലയിലുള്ള നിക്ഷേപ സാഹചര്യങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. വിനോദസഞ്ചാരമേഖലയിലെ പരസ്പര സഹകരണം ഈ മേഖലയിൽ കൂടുതൽ ഉണർവുണ്ടാക്കും. കോവിഡിനെ തുടർന്നുണ്ടായ നിർജീവാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ സഞ്ചാരികളെ യു.എ.ഇ.യിൽനിന്ന് പ്രത്യേകിച്ച് അബുദാബിയിൽനിന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. മേയ് ആദ്യവാരം കൊച്ചിയിൽ നടക്കുന്ന കേരള ട്രാവൽ മാർട്ടിന്റെ അതിഥിയായി പങ്കെടുക്കാൻ മന്ത്രി അബുദാബി ടൂറിസം ചെയർമാനെ ക്ഷണിച്ചു.

വിനോദസഞ്ചാരമേഖലയിൽ കേരളവുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് കേരളം സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ചുകൊണ്ട് മുഹമ്മദ് ഖലീഫ അൽ മുബാറക് യോഗത്തിൽ അറിയിച്ചു. തുടർചർച്ചകൾക്കായി മേയ് മാസത്തിൽ അബുദാബി വിനോദസഞ്ചാര ഉന്നതതല സംഘം കേരളത്തിലെത്തും. അബുദാബി സർക്കാർ കമ്പനിയും അടിസ്ഥാനസൗകര്യമേഖലയിൽ പ്രവർത്തിക്കുന്ന ഗൾഫിലെ ഏറ്റവും വലിയ കമ്പനികളൊന്നുമായ അൽദാറുമായി സഹകരിച്ച് കേരളത്തിലെ വിനോദസഞ്ചാരമേഖലയിൽ നിക്ഷേപസാധ്യതകളെപ്പറ്റി കൂടുതൽ ചർച്ചകൾ നടത്താൻ സന്നദ്ധമാണെന്നും അൽദാർ കമ്പനിയുടെ ചെയർമാൻകൂടിയായ അൽ മുബാറക് അറിയിച്ചു.

വിനോദസഞ്ചാരവകുപ്പ് ഡയറക്ടർ കൃഷ്ണ തേജ, അബുദാബി ചേംബർ വൈസ് ചെയർമാൻ എം.എ. യൂസഫലി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Related News