സുരക്ഷാ നടപടികൾ ശക്തമാക്കാൻ ദുബായ്: കൂടുതൽ സ്മാർട് ഡ്രോണുകൾ വിന്യസിക്കും

  • 11/02/2022


ദുബായ്: സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ദുബായ് പൊലീസ് കൂടുതൽ സ്മാർട് ഡ്രോണുകൾ വിന്യസിക്കും. ഉയരങ്ങളിൽ നിന്നു വ്യക്തികളുടെ മുഖം സൂക്ഷ്മമായി സ്കാൻ ചെയ്യാവുന്ന ഡ്രോണുകൾക്ക് കുറ്റവാളികളെ കണ്ടെത്താനും റോഡുകളിലെ സുരക്ഷയുറപ്പാക്കാനും കഴിയും. വ്യക്തികളുടെ മുഖവും വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളുമെല്ലാം സ്കാൻ ചെയ്ത് പൊലീസ് കൺട്രോൾ റൂമിനും പട്രോളിങ് സംഘങ്ങൾക്കും കൈമാറും.

കെട്ടിടങ്ങൾ, പാതകൾ, തീരദേശ മേഖലകൾ എന്നിവയും സ്മാർട് നിരീക്ഷണ പരിധിയിലാകും. സംശയാസ്പദ സാഹചര്യത്തിൽ കാണപ്പെടുന്നവരെ നിരീക്ഷിക്കാനും പിന്തുടരാനും കഴിയുമെന്നതിനാൽ ഇവയുടെ സേവനം സേനയ്ക്ക് ഏറെ സഹായകമാണ്. ഒട്ടേറെ  നിയമലംഘകരെ കയ്യോടെ പിടികൂടാൻ കഴിഞ്ഞതിനാലാണ് ഡ്രോണുകളുടെ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തുന്നതെന്നു പൊലീസ് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി ഡിപാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഒബൈദ് സഈദ് അൽ ഹത്ബൂർ പറഞ്ഞു.

തന്ത്രപ്രധാന നീക്കങ്ങൾക്കു കരുത്തേകാനും നിർണായക തെളിവുകൾ കണ്ടെത്താനും ഡ്രോണുകൾക്കു കഴിയും. പർവതമേഖലകളിലെയും കടലിലെയും രക്ഷാദൗത്യങ്ങളിലും ഇവ വ്യാപകമായി ഉപയോഗിച്ചുതുടങ്ങി. നായിഫ് മേഖലയിലെ ലഹരിമരുന്നു കച്ചവടക്കാർ, മോഷ്ടാക്കൾ എന്നിവരെയും അവരുടെ താവളവും കണ്ടെത്താൻ ഡ്രോണുകൾ പൊലീസിനു വഴികാട്ടിയിരുന്നു.

വാഹനങ്ങൾക്ക് എത്താൻ ബുദ്ധിമുട്ടുള്ള മേഖലകളിൽ കടന്നു ചെന്ന് നിരീക്ഷണം നടത്താൻ ഡ്രോണുകൾക്കു കഴിയുന്നു. ചിത്രങ്ങളടക്കമുള്ള വിവരങ്ങൾ തത്സമയം പൊലീസ് ആസ്ഥാനത്തു ലഭിക്കും. ഡ്രോൺ സംവിധാനങ്ങളോടെയുള്ള പ്രത്യേക വാഹനങ്ങളുള്ളതിനാൽ എവിടെനിന്നും ഡ്രോണുകൾ അയയ്ക്കാനാകും.

അപകടം നടന്ന കൃത്യമായ സ്ഥലം, അപകട വ്യാപ്തി, കാരണം, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം എന്നിവയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ഡ്രോണുകൾ നൽകുന്നു. കുറ്റവാളികളെ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു കയ്യോടെ പിടികൂടാൻ  കഴിയുന്ന 'ഗയ്യാസ്' സൂപ്പർ കാർ ഉൾപ്പെടെയുള്ള നിരീക്ഷണ-ദ്രുതകർമ വാഹനങ്ങളും പൊലീസിനുണ്ട്.

Related News