കേരളം കോവിഡ് പരിശോധനാ നിരക്ക് കുറച്ചു: പ്രവാസികൾക്ക് ആശ്വാസം

  • 11/02/2022


ദുബായ്: സംസ്ഥാനത്തെ വിമാനത്താവളത്തിലെ കോവിഡ് പരിശോധനാ നിരക്ക് 1200 രൂപയായി കുറച്ചത് പ്രവാസികൾക്ക് ആശ്വാസമാകുന്നു. മുൻപ് 2500 രൂപയായിരന്നു നിരക്ക്. ഇതിനെതിരെ പ്രവാസലോകത്ത് ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. ഇതിനിടെ, കഴിഞ്ഞദിവസം വിമാനത്താവള അതോറിറ്റികളോട് നിരക്ക് കുറയ്ക്കാൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു.

തുടർന്നാണ് നാലു വിമാനത്താവളങ്ങളിലും നിരക്ക് ഏകീകരിച്ചത്. നാളുകളായുള്ള പ്രവാസികളുടെ ആവശ്യമാണ് ഇപ്പോൾ നടപ്പിലായത്. മുൻപ് നാലംഗ കുടുംബം നാട്ടിൽ നിന്ന് തിരികെ എത്തുമ്പോൾ വിമാനത്താവളത്തിലെ പരിശോധനയ്ക്കു മാത്രം 10,000 രൂപ ചെലവായിരുന്നു. പരിശോധനയിൽ പോസിറ്റീവാകുന്നവരുടെ നിരക്കും കൂടുതലായിരുന്നതിനാൽ യാത്ര മാറ്റിവയ്ക്കേണ്ട സാഹചര്യമുണ്ടായിരുന്നു.

ടാറ്റയുടെ കിറ്റ് ഉപയോഗിച്ചാൽ പരിശോധനാ നിരക്ക് ഇനിയും കുറയ്ക്കാനാകുമെന്നാണ് പരിശോധന നടത്തുന്ന കമ്പനികൾ പറയുന്നത്. ഇതിന് യുഎഇയുടെ അനുമതി ആവശ്യമാണ്. മൊബൈൽ വാഹനങ്ങളിലാണ് പരിശോധന സൗകര്യമൊരുക്കിയത്. അനുമതി ലഭിച്ചാലുടൻ പരിശോധനകൾ ആരംഭിക്കാൻ കൊച്ചി വിമാനത്താവളത്തിൽ അടക്കം സൗകര്യങ്ങൾ സജ്ജമാണെന്ന് മൈക്രോ ഹെൽത്ത് അധികൃതർ അറിയിച്ചു.

Related News