രൂപയുടെ മൂല്യം ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • 13/02/2022


ദുബായ്: രൂപയുടെ മൂല്യം ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ. കഴിഞ്ഞദിവസം ദിർഹത്തിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു 20.60 വരെയായത്. അതിനാൽ പണമിടപാട് സ്ഥാപനങ്ങളിൽ തിരക്കേറി. 

പണമിടപാട് സ്ഥാപനങ്ങൾ ഇന്നലെ പരമാവധി ഒരു ദിർഹത്തിനു 20.45 രൂപ വരെ നൽകി. ഓഹരി വിപണിയുടെ ഇടിവ്, അസംസ്കൃത എണ്ണയുടെ വിലക്കയറ്റം, വിദേശ നിക്ഷേപകരുടെ പിൻമാറ്റം എന്നിവയാണ് രൂപയുടെ മൂല്യം പെട്ടെന്ന് ഇടിയാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

അസംസ്കൃത എണ്ണയുടെ വില വീണ്ടും ഉയരാൻ തന്നെയാണ് സാധ്യതയെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. മാസമാധ്യമായതിനാൽ പലരുടെയും പക്കൽ പണം അയയ്ക്കാൻ ഇല്ലായിരുന്നു എന്നതാണു വാസ്തവം. മാസാദ്യം ഈ ഇടിവ് ലഭിച്ചിരുന്നെങ്കിൽ വീട്ടിലേക്ക് കൂടുതൽ പണം അയയ്ക്കാൻ സാധിച്ചേനെ എന്നു ജബൽഅലിയിലെ എക്സ്ചേഞ്ചിൽ പണം അയയ്ക്കാൻ എത്തിയ കണ്ണൂർ സ്വദേശി ഫിറോസ് പറഞ്ഞു.

കാർഡ് ഉപയോഗിച്ച് പണം അയയ്ക്കുന്നവർക്കു ചില എക്സ്ചേഞ്ചുകളിൽ   ഉയർന്ന നിരക്ക് നൽകാറുണ്ടെന്ന് എക്സ്ചേഞ്ചിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇപ്പോൾ കൂടുതൽ ആളുകൾ കാർഡ് ഉപയോഗിച്ച് പണം അയയ്ക്കാൻ ആരംഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

നാട്ടിൽ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ പണം ലഭിച്ചാൽ മതിയെങ്കിൽ അൽപം ഉയർന്ന നിരക്ക് പല എക്സ്ചേഞ്ചുകളിലും നൽകാറുണ്ട്. അയയ്ക്കുന്ന അതേദിവസമോ തൊട്ടടുത്ത ദിവസമോ പണം നാട്ടിൽ കിട്ടണമെന്നുള്ളപ്പോൾ പ്രദർശിപ്പിച്ചിരിക്കുന്ന നിരക്ക് മാത്രമേ ലഭിക്കൂ.

Related News