യുഎഇയില്‍ ഹൈക്കിങിനിടെ വീണ് കാലൊടിഞ്ഞ യുവാവിനെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു

  • 15/02/2022


ഷാര്‍ജ: യുഎഇയില്‍ ഹൈക്കിങിനിടെ വീണ് കാലൊടിഞ്ഞ യുവാവിനെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്‍ചയായിരുന്നു സംഭവം. പരിക്കിനെ തുടര്‍ന്ന് മുന്നോട്ട് യാത്ര ചെയ്യാനോ തിരികെ ഇറങ്ങാനോ സാധിക്കാതെ വന്ന ലെബനാന്‍ സ്വദേശിയാണ് പൊലീസ് സഹായം തേടിയത്.

ഷാര്‍ജയിലെ കല്‍ബയില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള വാദി അല്‍ ഹീലോയിലായിരുന്നു അപകടം. കല്‍ബ പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമിലാണ് സഹായം തേടിയുള്ള സന്ദേശം ലഭിച്ചത്. കാലിന് പരിക്കേറ്റ നിലയിലാണെന്ന് മനസിലാക്കിയതോടെ പ്രത്യേക സംവിധാനങ്ങളുപയോഗിച്ച് ഇയാള്‍ എവിടെയാണുള്ളതെന്ന് പൊലീസ് സംഘം കണ്ടെത്തി. തുടര്‍ന്ന് നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്‍ക്യൂ സെന്ററിന്റെ സഹായത്തോടെ ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തകരെത്തി കല്‍ബ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റയാളുടെ പേരോ വയസോ മറ്റ് വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടില്ല.

മല കയറാന്‍ പോകുന്നവര്‍ അപകടങ്ങളുണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ട്  കൂട്ടമായി യാത്ര ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ശൈത്യകാലത്തെ തണുത്ത കാലാവസ്ഥയാണെങ്കിലും ഹൈക്കിങില്‍ മുന്‍പരിചയമില്ലാത്തവര്‍ക്ക് കടുത്ത ചൂടില്‍ ക്ഷീണം അനുഭവപ്പെടുകയും അത് കാരണം പ്രതീക്ഷിക്കുന്ന സമയത്ത് യാത്ര പൂര്‍ത്തിയാക്കാന്‍ സാധിക്കാന്‍ കഴിയാതെ വരികയും ചെയ്‍തേക്കും. ഇത് മുന്നില്‍കണ്ട് ആവശ്യമാവുന്നതില്‍ കൂടുതല്‍ ഭക്ഷണ സാധനങ്ങളും ധാരാളം വെള്ളവും കൈയില്‍ കരുതണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. 

Related News