യുഎഇയിൽ സ്‍കൂള്‍ ബസിനടിയില്‍പെട്ട് 12 വയസുകാരി മരിച്ചു

  • 17/02/2022


അജ്‍മാന്‍: യുഎഇയിൽ സ്‍കൂള്‍ ബസിനടിയില്‍പെട്ട് 12 വയസുകാരി മരിച്ചു. ചൊവ്വാഴ്‍ച വൈകുന്നേരമായിരുന്നു ദാരുണമായ സംഭവമുണ്ടായത്. കുട്ടി ബസിന് മുന്നില്‍ നില്‍ക്കുകയാണെന്നറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ഉമ്മു അമ്മാര്‍ സ്‍കൂളിലെ വിദ്യാര്‍ത്ഥിനിയായ ശൈഖ ഹസനാണ് മരിച്ചത്.

വൈകുന്നേരം 3.45ഓടെയാണ് അപകടം സംഭവിച്ചതെന്ന് അജ്‍മാന്‍ പൊലീസ് അറിയിച്ചു. സ്‍കൂളിലെ ക്ലാസ് കഴിഞ്ഞതിന് ശേഷം സ്‍കൂള്‍ ബസില്‍ വീട്ടിന് സമീപമെത്തിയ വിദ്യാര്‍ത്ഥിനി ബസില്‍ നിന്ന് ഇറങ്ങിയ ശേഷം ബസിന് മുന്നിലൂടെ വീട്ടിലേക്ക് കയറിപ്പോകാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി മുന്നില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പെടാതെ ഡ്രൈവര്‍ ബസ് മുന്നോട്ട് എടുക്കുകയും ശരീരത്തിലൂടെ ബസിന്റെ ടയറുകള്‍ കയറിയിറങ്ങുകയുമായിരുന്നു. ബസില്‍ സൂപ്പര്‍വൈസര്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാസം പൊലീസ് പുറത്തിറക്കിയ സുരക്ഷാ നിര്‍ദേശങ്ങളില്‍ എല്ലാ സ്കൂള്‍ ബസുകളിലും സൂപ്പര്‍വൈസര്‍മാരുണ്ടാകേണ്ടതിന്റെ ആവശ്യകത പ്രത്യേകം അറിയിച്ചിരുന്നു.  ബസുകള്‍ നീങ്ങുന്നതിന് മുമ്പ് സുരക്ഷതമായി കുട്ടികളെ വാഹനത്തില്‍ കയറ്റാനും തിരികെ വാഹനത്തില്‍ നിന്ന് ഇറക്കാനും പ്രത്യേക ജീവനക്കാര്‍ ഉണ്ടാകണമെന്നാണ് നിയമം. കുട്ടികളെ റോഡ് മുറിച്ചുകടക്കാനും വീടുകളില്‍ കുട്ടികളെ കാത്തിരിക്കുന്ന രക്ഷിതാക്കളുടെ സമീപത്തേക്ക് അവരെ സുരക്ഷിതരായി എത്തിക്കേണ്ടതും ഈ ജീവനക്കാരുടെ ഉത്തരവാദിത്തമാണ്. 

സ്‍കൂള്‍ ബസുകളില്‍ കുട്ടികള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ഡ്രൈവര്‍മാര്‍ സ്റ്റോപ്പ് അടയാളം പ്രദര്‍ശിപ്പിക്കണം. ഇതില്‍ വീഴ്‍ച വരുത്തിയാല്‍ 500 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ഡ്രൈവര്‍ക്ക് ശിക്ഷ ലഭിക്കും. സ്‍കൂള്‍ ബസുകളില്‍ സ്റ്റോപ്പ് അടയാളം തെളിയുമ്പോള്‍ അത് അവഗണിച്ച് മുന്നോട്ട് നീങ്ങുന്ന മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍ക്ക് 1000 ദിര്‍ഹം പിഴയും 10 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. സ്‍കൂള്‍ ബസുകള്‍ക്ക് മണിക്കൂറില്‍ 80 കിലോമീറ്ററാണ് അനുവദിക്കപ്പെട്ട പരമാവധി വേഗത. 

Related News