യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്: അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

  • 18/02/2022


അബുദാബി: യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്. വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ ഉള്‍‌ പ്രദേശങ്ങളില്‍ ദൂരക്കാഴ്‍ച കൂടുതല്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

മൂടല്‍മഞ്ഞ് രൂപപ്പെട്ട സ്ഥലങ്ങളില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ റോഡുകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും എല്ലാ ഗതാഗത നിയമങ്ങളും കര്‍ശനമായി പാലിക്കണമെന്നും അബുദാബി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. മൂടല്‍ മഞ്ഞ് ഉള്ള സമയങ്ങളില്‍ റോഡുകളിലെ ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്ന വേഗപരിധിയാണ് പാലിക്കേണ്ടത്. അബുദാബിയിലെയും അല്‍ ഐനിലെയും രണ്ട് പ്രധാന റോഡുകളില്‍ പരമാവധി വേഗത മണിക്കൂറില്‍ എണ്‍പത് കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്‍ച രാജ്യത്തെ അന്തരീക്ഷ താപനില കൂടുതല്‍ താഴുമെന്നാണ് പ്രവചനം. അല്‍ റുവൈസില്‍ 12 ഡിഗ്രി സെല്‍ഷ്യസും അബുദാബിയില്‍ 14 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 15 ഡിഗ്രി സെല്‍ഷ്യസുമാണ് കുറഞ്ഞ താപനില. 40 മുതല്‍ 90 ശതമാനം വരെയായിരിക്കും അന്തരീക്ഷ ആര്‍ദ്രത.

Related News