സ്ത്രീകൾക്ക് ഒറ്റക്ക് യാത്ര ചെയ്യുന്നവരുടെ സുരക്ഷിത നഗരങ്ങളിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി ദുബായ്

  • 19/02/2022



ദുബായ്: സ്ത്രീകൾക്ക് ഒറ്റക്ക് യാത്ര ചെയ്യുന്നവരുടെ സുരക്ഷിത നഗരങ്ങളിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി ദുബായ്. യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ഷ്വര്‍ മൈ ട്രിപിന്റെ ഏറ്റവും പുതിയ ലോക റാങ്കിങ്ങിലാണ് ദുബായുടെ നേട്ടം. രാത്രിയില്‍ പോലും സുരക്ഷിതമായി പുറത്തിറങ്ങാന്‍ കഴിയുന്നതും നഗരത്തിലെ കുറ്റകൃത്യ നിരക്ക് കുറഞ്ഞതുമാണ് ദുബായിയുടെ റാങ്കിങ് ഉയര്‍ത്തിയത്.

ദുബായിൽ ഭൂരിപക്ഷം പൊതുഗതാഗത സംവിധാനങ്ങളിലും വനിതകള്‍ക്ക് മാത്രമായുള്ള സെക്ഷനുണ്ട്. വനിതാ സുരക്ഷയുടെ കാര്യത്തില്‍ പത്തില്‍ 9.43 ആണ് രാജ്യത്തിന്റെ സ്‌കോര്‍. യാത്രക്കിടയിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും ദുബായിൽ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വിഭാഗത്തിൽ  പത്തില്‍ 8.64 ആണ് സ്‌കോര്‍.

സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഒറ്റക്ക് സഞ്ചരിക്കാവുന്ന നഗരങ്ങളില്‍ ഒന്നാം സ്ഥാനത്ത് സൗദിയിലെ മദീനയാണ്. പത്തില്‍ പത്തും സ്‌കോര്‍ ചെയ്താണ് മദീന ഒന്നാമതെത്തിയത്. 9.06 സ്‌കോര്‍ നേടി തായ്‌ലന്‍ഡിലെ ചിയാങ് മായ് സിറ്റി രണ്ടാമതെത്തി. ജപ്പാനിലെ ക്യോട്ടോവും ചൈനയിലെ മക്കാവോയും ആദ്യ അഞ്ചില്‍ ഇടം നേടി.

ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബര്‍ഗാണ് ഏറ്റവും പിന്നില്‍. പാരിസ്, ക്വലാലംപുര്‍, ജകാര്‍ത്ത എന്നിവയാണ് അവസാന അഞ്ചില്‍ ഉള്‍പ്പെട്ട മറ്റ് നഗരങ്ങള്‍. ന്യൂംബിയോ അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളില്‍ ദുബായ്, ഷാര്‍ജ, അബുദാബി എന്നിവ ഉള്‍പ്പെട്ടിരുന്നു. കുറ്റകൃത്യ നിരക്കിലെയും മയക്കുമരുന്ന് ഉപയോഗത്തിലെയും കുറവാണ് അവരും ചൂണ്ടിക്കാണിച്ചത്.

Related News