ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാർ പുതിയ യുഗത്തിലേക്കുള്ള തുടക്കമെന്ന് യുഎഇ

  • 21/02/2022


യുഎഇ: ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാർ പുതിയ യുഗത്തിലേക്കുള്ള തുടക്കമെന്ന് യുഎഇയുടെ പ്രതികരണം. വ്യാപാര മേഖലയുടെ വികസനത്തിന് അതിവേഗത്തിൽ കരാറുണ്ടാക്കാമെന്നതിന്റെ തെളിവാണിതെന്ന് യുഎഇ വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിലാണ് കരാർ സംബന്ധിച്ച ചർച്ച തുടങ്ങിയത്. പിന്നാലെ ഇരുരാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികളുടെ ചർച്ചക്കുശേഷം അതിവേഗം കരാറിന് അന്തിമരൂപം നൽകുകയായിരുന്നു.

കഴിഞ്ഞമാസം നരേന്ദ്ര മോദി യു.എ.ഇ സന്ദർശിക്കുമ്പോൾ കരാർ ഒപ്പുവെക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഒമിക്രോൺ വ്യാപനംമൂലം സന്ദർശനം മാറ്റിവെച്ചു. ഇതോടെ, കരാർ വീണ്ടും നീണ്ടുപോകുമെന്ന ആശങ്ക ഉയർന്നു. സാധാരണഗതിയിൽ ഒരു വർഷത്തിലേറെ ഇഴഞ്ഞുനീങ്ങിയാണ് ഇത്തരം കരാറുകൾ യാഥാർത്ഥ്യമാകാറുള്ളത്. എന്നാൽ ഇരുരാജ്യങ്ങളിലെ നേതാക്കൾ ഓൺലൈനിൽ ഒത്തുചേരുകയും മന്ത്രിമാർ ഡൽഹിയിലെത്തി കരാർ ഒപ്പുവെക്കുകയുമായിരുന്നു.

ഇന്ത്യയിൽ സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഏപ്രിൽ ഒന്നുമുതൽ ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ പ്രാബല്യത്തിലായേക്കും. കഴിഞ്ഞ വർഷം 60 ശതകോടി ഡോളറിന്റെ ഇടപാടാണ് ഇന്ത്യയും യു.എ.ഇയും തമ്മിൽ നടന്നത്. എണ്ണയിതര മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ശരാശരി 3 ലക്ഷം കോടിയോളം രൂപയുടെ വ്യപാരം 5 വർഷത്തിനുള്ളിൽ ഏഴരലക്ഷം കോടിക്കു മുകളിൽ എത്തിക്കുക എന്നതാണ് കരാറിന്റെ ലക്ഷ്യം.

ആയിരത്തിലധികം ഉൽപന്നങ്ങൾ യുഎയിലേക്ക് കയറ്റി അയയ്‌ക്കുമ്പോഴുണ്ടാകുന്ന തീരുവകൾ കുറയ്‌ക്കാൻ ഇന്ത്യയും, ഈന്തപ്പഴവും ബന്ധപ്പെട്ട ഉത്പന്നങ്ങളും ഇന്ത്യയിലേക്ക് കയറ്റി അയ്‌ക്കുമ്പോൾ ഇളവു ലഭിക്കണമെന്ന് യുഎഇയും ആഗ്രഹിക്കുന്നു. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. സുപ്രധാന സാമ്പത്തിക ഉടമ്പടി ആവേശകരമായ ഒരു പുതിയ യുഗത്തിന് തുടക്കമിടുമെന്നും ഇരു രാജ്യങ്ങളും തമ്മിൽ നേരത്തെയുള്ള ചരിത്രപരമായ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്നും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

Related News