ലഹരിക്ക് അടിമകളായ സഹോദരങ്ങള്‍ കമ്പി വടി കൊണ്ട് അച്ഛന്റെ തലക്കടിച്ചു, ഗുരുതര പരിക്കേറ്റ അച്ഛന്‍ ഐസിയുവില്‍

  • 21/02/2022

കൊല്ലം: കൊല്ലം ഇട്ടിവായില്‍ ലഹരിക്ക് അടിമയായ യുവാവും ഇയാളുടെ സഹോദരനും ചേര്‍ന്ന് അച്ഛനെയും അയല്‍വാസിയെയും തലക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അച്ഛന്‍ സുഭാഷ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ലഹരിക്ക് അടിമയായ ഇട്ടിവ സ്വദേശി ആദര്‍ശും ഇയാളുടെ പ്രായപൂര്‍ത്തി ആകാത്ത സഹോദരനും ചേര്‍ന്നാണ് പിതാവ് സുഭാഷിനയും അയല്‍വാസി അര്‍ജ്ജുനനെയും മര്‍ദ്ദിച്ചത്. ആദ്യം ആദര്‍ശ് ഭാര്യയുടെ വീട്ടില്‍ ഭാര്യയെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച ഭാര്യയുടെ ബന്ധു അര്‍ജ്ജുനനെയും ഇരുവരും ചേര്‍ന്ന് കമ്പി വടി ഉപയോഗിച്ചു മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് ശേഷം വീടിന്റെ ജനല്‍ ചില്ലുകളും തകര്‍ത്തു.

പിന്നീട് ആദര്‍ശ് സ്വന്തം വീട്ടില്‍ എത്തി പിതാവിനെ മര്‍ദ്ദിച്ചു. കമ്പിവടിക്ക് തലക്ക് അടിയേറ്റ സുഭാഷ് ബോധരഹിതനായി. നാട്ടുകാര്‍ എത്തിയാണ് സഹോദരങ്ങളെ കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ സുഭാഷിന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

സുഭാഷ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. സഹോദരങ്ങള്‍ ലഹരിക്ക് അടിമകളാണന്ന് പൊലീസ് പറഞ്ഞു. വധശ്രമത്തിന് കേസ് എടുത്ത പൊലീസ് ഇരുവരെയും കോടതിയില്‍  ഹാജരാക്കി. 

Related News