കേസിൽ കക്ഷി ചേരണമെന്ന അതിജീവിതയുടെ അപേക്ഷ കോടതി അംഗീകരിച്ചു; ബി രാമൻപിള്ളയ്ക്ക് ഹൈക്കോടതി നോട്ടീസ്

  • 21/02/2022

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിൻറെ ഹർജിയിൽ കക്ഷി ചേർക്കണമെന്ന അതിജീവിതയുടെ അപേക്ഷ കോടതി അംഗീകരിച്ചു.  തുടരന്വേഷണം ചോദ്യം ചെയ്യാൻ പ്രതിയായ ദിലീപിന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി കോടതിയെ സമീപിച്ചത്. തുടരന്വേഷണം വിചാരണ നീട്ടി കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സർക്കാർ ആവശ്യം തള്ളി വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയിൽ തന്നെ മൂന്നാം എതിർ കക്ഷിയാക്കി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്, ഇത് അംഗീകരിച്ചു. 

കേസിലെ പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാൻ കഴിയില്ലെന്ന് അപേക്ഷയിൽ അതിജീവിത വ്യക്തമാക്കുന്നു. തൻറെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കുന്നത് പരാതിക്കാരിയായ തനിക്ക് പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാക്കുമെന്നും അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ നടി കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽ ദിലീപിൻറെ സഹോദരി ഭർത്താവ് സൂരാജിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. കളമശ്ശേരി ഓഫീസിൽ രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യലിനായി പ്രതി ഹാജരായത്. പ്രതികളുടെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലത്തിൻറെ അടിസ്ഥാനത്തിൽ ആണ് ചോദ്യം ചെയ്യൽ. കേസിൽ രണ്ടാം പ്രതി അനൂപിന് നാളെ ഹാജരാകാനാണ് നോട്ടീസ് നൽകിയത്. ദിലീപ് അടക്കമുള്ളവരെയും വരും ദിവസം നോട്ടീസ് നൽകിയ ശേഷം വിളിപ്പിക്കും.

Related News