മർദ്ദനമേറ്റ് തലയോട്ടി പൊട്ടിയ നിലയില്‍ രണ്ടു വയസുകാരി; ഗുരുതര പരിക്ക്, വെന്‍റിലേറ്ററില്‍

  • 21/02/2022

തൃക്കാക്കര: എറണാകുളം തൃക്കാക്കരയ്ക്ക് സമീപം തെങ്ങോട് രണ്ടു വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലാണ്. കുട്ടിയ്ക്ക് കൈക്ക് ഒടിവുണ്ട്. പൊള്ളലേറ്റിട്ടുമുണ്ട്. തലയ്ക്കും മുഖത്തും ക്ഷതമേറ്റ അവസ്ഥയിലായിരുന്നു കുട്ടി. 

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് രണ്ട് വയസുകാരിയെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. കുട്ടിക്കൊപ്പമുള്ള അമ്മയും അമ്മൂമ്മയും മർദ്ദനത്തെക്കുറിച്ച് വ്യത്യസ്ത മൊഴിയാണ് നൽകുന്നത്. അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൈപ്പർ ആക്ടീവായ കുട്ടി കളിക്കുന്നതിനിടെ വീണുവെന്നാണ് അമ്മ നൽകിയ മൊഴി. എന്നാൽ കുഞ്ഞിനെ മർദ്ദിച്ചതാണെന്ന് അമ്മൂമ്മ പറഞ്ഞു. 

സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിശദ പരിശോധന നടത്തിയപ്പോള്‍ വീഴ്ചയിലുണ്ടായ ക്ഷതമല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ തൃക്കാക്കര പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്ത് എത്തി അമ്മയുടേയും അമ്മൂമ്മയുടേയും വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.  തൃക്കാക്കരയ്ക്ക് അടുത്ത് തെങ്ങോലയിലെ കുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് അയൽവാസികളുടെ മൊഴിയെടുത്തു. കുട്ടിയുടെ മാതാവ് ഭർത്താവുമായി പിരിഞ്ഞ് ജീവിക്കുകയാണെന്നാണ് പൊലീസ് പറയുന്നു. കുട്ടിയുടെ മാതാവിൻറെ അനിയത്തിയുടെ ഭർത്താവിനായി പൊലീസ് അന്വേഷണം നടത്തി വരികയാണ്. തൊങ്ങോലയിലെ വീട്ടിൽ പൊലീസ് എത്തിയപ്പോൾ അനിയത്തിയും ഭർത്താവും അവിടെ ഉണ്ടായിരുന്നില്ല. 

കുട്ടിക്ക് സാരമായി പരിക്കുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ തന്നെ വെൻറിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ടി വന്നതായി ഡോക്ടർമാർ പറയുന്നു. പഴംതോട്ടം ആശുപത്രിയിലാണ് കുട്ടിയെ ആദ്യം കൊണ്ടു വന്നത്. അവിടെ നിന്നും ആണ് പിന്നീട് കോലഞ്ചേരിയിലേക്ക് കൊണ്ടു വന്നത്. കഴിഞ്ഞ കുറച്ചധികം ദിവസമായി കുട്ടിക്ക് നിരന്തരം പരിക്കേറ്റിരുന്നുവെന്നുമാണ് ഡോക്ടർമാരുടെ നിഗമനം. 

Related News