ബീഡി വാങ്ങി നല്‍കിയില്ല; അച്ഛന്‍റെ തല മകന്‍ ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്തു, കാല്‍ തല്ലിയൊടിച്ചു

  • 21/02/2022

പരവൂര്‍: ബീഡി വാങ്ങി കൊടുക്കാത്തതിന് അച്ഛന്റെ തല മകന്‍ ചുറ്റികകൊണ്ട് അടിച്ചു തകര്‍ത്തു. കാല്‍ അടിച്ചൊടിക്കുകയും ചെയ്തു. സംഭവത്തില്‍ കൂനയില്‍ പുതുവീട് സുനില്‍മന്ദിരത്തില്‍ സുനിലിനെ (31) ഇന്‍സ്‌പെക്ടര്‍ എ.നിസാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഗുരുതരാവസ്ഥയിലായ അച്ഛന്‍ സുകുമാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

വിദേശത്തുനിന്ന് കഴിഞ്ഞ ദിവസമാണ് സുനില്‍ വീട്ടില്‍ എത്തിയത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം ഉണ്ടായത്. ബീഡി വാങ്ങി നല്‍കാന്‍ തയ്യാറാകാതിരുന്ന സുകുമാരനെ സമീപത്ത് ഉണ്ടായിരുന്ന ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രാണരക്ഷാര്‍ഥം ഓടിയ സുകുമാരന്റെ കാല്‍ പ്രതി കമ്പിവടി കൊണ്ട് അടിച്ചൊടിക്കുകയും ചെയ്തു. അക്രമാസക്തനായി ആയുധവുമായി നിന്ന യുവാവ് വീട്ടിലേക്ക് ആരും കടന്നുവരാന്‍ അനുവദിച്ചില്ല. സുകുമാരനെ ആശുപത്രിയിലാക്കാനും ഇയാള്‍ സമ്മതിച്ചില്ല.  

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരവൂര്‍ പോലീസ് എത്തി സുനിലിനെ കീഴ്പ്പെടുത്തുകയായിരുന്നു. സുകുമാരനെ നെടുങ്ങോലം താലൂക്കാശുപത്രിയിലും അവിടെനിന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

Related News