യുഎഇയില്‍ സ്‍കൂള്‍ ബസിന് തീപിടിച്ചു: കുട്ടികളും ജീവനക്കാരും സുരക്ഷിതര്‍

  • 23/02/2022


ഷാര്‍ജ: യുഎഇയില്‍ സ്‍കൂള്‍ ബസിന് തീപിടിച്ചു. ഷാര്‍ജയിലെ അല്‍ താവുന്‍ ഏരിയയിലായിരുന്നു സംഭവം. ബസിലെ ഡ്രൈവറും സൂപ്പര്‍വൈസറും ചേര്‍ന്ന് കുട്ടികളെ എല്ലാവരെയും സുരക്ഷിതരായി പുറത്തിറക്കി. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

ബസിലുണ്ടായിരുന്ന കുട്ടികളില്‍ ആര്‍ക്കും പരിക്കുകളോ പുകശ്വസിച്ചതിന്റെ മറ്റ് അസ്വസ്ഥതകളോ ഇല്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥിരീകരിച്ചു. ബസ്‍ ഡ്രൈവറുടെയും ബസിലുണ്ടായിരുന്ന സൂപ്പര്‍വൈസറുടെയും സമയോചിത ഇടപെടലാണ് പരിക്കുകളില്ലാതെ കുട്ടികളെ പുറത്തിറക്കുന്നതില്‍ നിര്‍ണായകമായത്. ഉച്ചയ്‍ക്ക് ശേഷം 2.52നാണ് തീപിടുത്തം സംബന്ധിച്ച് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഓപ്പേറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത്.

ഉടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി. 14 മിനിറ്റു കൊണ്ട് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. സ്‍കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും ബസുകളിലെ സൂപ്പര്‍വൈസര്‍മാര്‍ക്കും സിവില്‍ ഡിഫന്‍സ് നല്‍കിയ ബോധവത്കരണവും പരിശീലനവും യഥാസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്താനും ഒരു പരിക്കുമില്ലാതെ കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും അവര്‍ക്ക് സഹായകമായെന്നും അധികൃതര്‍ അറിയിച്ചു. 

Related News