ഹൂതികളെ പിന്തുണയ്‍ ക്കുന്നു: അഞ്ച് സ്ഥാപനങ്ങളെയും ഒരു വ്യക്തിയെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎഇ.

  • 25/02/2022


അബുദാബി: യെമനിലെ സായുധ വിമത സംഘമായ ഹൂതികളെ പിന്തുണയ്‍ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് സ്ഥാപനങ്ങളെയും ഒരു വ്യക്തിയെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎഇ. ക്യാബിനറ്റാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. തീവ്രവാദികള്‍ക്ക് സാമ്പത്തിക പിന്തുണയും മറ്റ് തരത്തിലുള്ള സഹായവും നല്‍കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാനുള്ള യുഎഇ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണിത്.

തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളുമായോ വ്യക്തിയുമായോ സാമ്പത്തിക, വാണിജ്യ ഇടപാടുകള്‍ ഉള്ള എല്ലാ വ്യക്തികളുടെയും സ്ഥാപനങ്ങളെയും കണ്ടെത്താനും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കാനും എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ളവരുടെ സാമ്പത്തിക ആസ്‍തികള്‍ 24 മണിക്കൂറിനിടെ മരവിപ്പിക്കുന്നത് ഉള്‍പ്പെടെ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങള്‍ പ്രകാരം ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇപ്പോള്‍ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളും വ്യക്തിയും  സാധാരണ ജനങ്ങളെയും അവരുടെ വസ്‍തുവകകളെയും ആക്രമിക്കാനായി ഹൂതികള്‍ക്ക് പിന്തുണ നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. അബ്‍ദോ അബ്‍ദുല്ല ദാഇല്‍ അഹ്‍മദ് എന്ന വ്യക്തിയെയാണ് പുതിയതായി തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

Related News