അബുദാബിയില്‍ 16 വയസില്‍ താഴെയുള്ള സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധനയില്‍ ഇളവ്

  • 25/02/2022


അബുദാബി: അബുദാബിയില്‍ 16 വയസില്‍ താഴെയുള്ള സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധനയില്‍ ഇളവ്. അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്റ് നോളജ് ആണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ 28 ദിവസത്തില്‍ ഒരിക്കല്‍ വീതം കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയാവും.

നേരത്തെ 14 ദിവസത്തിലൊരിക്കല്‍ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണമെന്നായിരുന്നു നിബന്ധന. ഇതില്‍ മാറ്റം വരുത്തിയാണ് പരിശോധന നാല് ആഴ്‍ചയില്‍ ഒരിക്കല്‍ മതിയെന്ന തീരുമാനം പ്രഖ്യാപിച്ചത്. അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്റ്  നോളജ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ സ്വകാര്യ, ചാര്‍ട്ടര്‍ സ്‍കൂളുകളിലേക്കും അയച്ചു. 

അതേസമയം 16 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‍കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകളില്‍ ഹാജരാവാന്‍ 14 ദിവസത്തിലൊരിക്കല്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാണ്. ഇതിന് പുറമെ 16 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ ഇതുവരെ കൊവിഡ് വാക്സിന്‍ എടുത്തിട്ടില്ലെങ്കിലോ അല്ലെങ്കില്‍ വാക്സിനേഷനില്‍ ഇളവ് ലഭിച്ചിട്ടുണ്ടെങ്കിലോ ഏഴ് ദിവസത്തിലൊരിക്കല്‍ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണം.

അബുദാബിയില്‍ അഞ്ച് സ്‍കൂളുകള്‍ കൂടി ബ്ലൂ ടിയര്‍ പദവിയിലെത്തിയതായി നേരത്തെ അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്റ്  നോളജ് അറിയിച്ചിരുന്നു. സ്‍കൂളുകളില്‍ നേരിട്ട് ഹാജരായി പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളില്‍ 85 ശതമാനം പേരും വാക്സിനെടുത്ത് കഴിയുമ്പോഴാണ് ഈ പദവി ലഭിക്കുക. 

ഈ വര്‍ഷം ജനുവരിയിലാണ് വാക്സിനേഷന്‍ ഊര്‍ജിതമാക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തരമൊരു സംവിധാനം നടപ്പാക്കി തുടങ്ങിയത്. എമിറേറ്റിലെ നാല് ശതമാനം സ്വകാര്യ സ്‍കൂളുകളാണ് നിലവില്‍ ഈ പദവിയിലുള്ളത്. 8.8 ശതമാനം സ്‍കൂളുകള്‍ ഗ്രീന്‍ കാറ്റഗറിയിലും 19.8 ശതമാനം സ്‍കൂളുകള്‍ യെല്ലോ വിഭാഗത്തിലുമാണ്. ഓറഞ്ച് വിഭാഗത്തിലാണ് നിലവില്‍ 67.4 ശതമാനം സ്‍കൂളുകളും ഉള്‍പ്പെടുന്നത്. 

Related News