ആശങ്കയുടെ നിഴലിൽ നൂറുകണക്കിന് പ്രവാസി മലയാളി വിദ്യാർഥികൾ

  • 27/02/2022


അബുദാബി: യുഎഇയിൽ നിന്നുള്ള നൂറുകണക്കിന് പ്രവാസി മലയാളി വിദ്യാർഥികൾ യുക്രെയ്നിൽ കുടുങ്ങി. യുദ്ധത്തിൻ്റെ 3 നാൾ പിന്നിട്ട് ഇവർ രക്ഷാദൗത്യത്തിന്റെ കരങ്ങൾക്കായി കാത്തിരിക്കുകയാണ്. തലസ്ഥാന നഗരിയായ കീവിലുള്ള 3 മെഡിക്കൽ കോളജുകളിലും മറ്റു ഭാഗങ്ങളിലെ കോളജുകളിലുമായി പഠിക്കുന്ന വിദേശ വിദ്യാർഥികളിൽ കൂടുതൽ പേരും ഇന്ത്യയിൽനിന്നുള്ളവരാണ്.

കൂടാതെ ഏവിയേഷൻ കോളജുകളിലും ഇന്ത്യക്കാരുണ്ട്. മൊത്തം നാലായിരത്തിലേറെ മലയാളി വിദ്യാർഥികളിൽ നല്ലൊരു ശതമാനം യുഎഇയിൽനിന്നുള്ള പ്രവാസികളുമുണ്ട്. ഇവർക്ക് തിരികെ യുഎഇയിലെത്താൻ വഴിയില്ല. അതുകൊണ്ടുതന്നെ ഇന്ത്യൻ രക്ഷാദൗത്യത്തിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ഇവർ.

യുദ്ധത്തിന്റെ സൂചന വന്നതു മുതൽ പലരും ദുബായിലേക്കും അബുദാബിയിലേക്കും ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിൽ എത്തി ബോഡിങ് പാസ് എടുത്തെങ്കിലും അപ്പോഴേക്കും എയർപോർട്ട് അടച്ചതോടെ തിരിച്ചുപോകേണ്ടിവന്നതായി ബൊഗൊമെലറ്റ്സ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി നസീൽ നാസർ പറഞ്ഞു. യുദ്ധം ആരംഭിച്ചതോടെ കോളജിനു പുറത്തു താമസിച്ച വിദ്യാർഥികളോട് ഹോസ്റ്റലിലേക്കു എത്താൻ നിർദേശമെത്തിയിരുന്നു.

തലസ്ഥാന നഗരിയായ കീവിലെ വിദ്യാർഥികൾക്ക് റഷ്യൻ സൈനികരെ മറികടന്ന് റോഡ് മാർഗം 850 കിലോമീറ്റർ അകലെയുള്ള അതിർത്തിയിലേക്കു യാത്ര ചെയ്യുക എന്നത് ശ്രമകരമാണ്. 12 മണിക്കൂർ യാത്ര ചെയ്താലേ അതിർത്തിയിലെത്താനാകൂ. ഈ സമയത്ത് ട്രെയിനോ ടാക്സിയോ ലഭ്യമല്ല. ശാരീരികവും മാനസികവുമായി തകർന്ന വിദ്യാർഥികളെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ബസ് സൗകര്യം ഒരുക്കി രക്ഷപ്പെടുത്തണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു.

ലബീബ് പോലെ അതിർത്തിക്കു സമീപം താമസിക്കുന്നവർക്ക് 65–100 കി.മീ സഞ്ചരിച്ചാൽ അയൽ രാജ്യങ്ങളിലെത്താം. ഇങ്ങനെയുള്ളവർക്കു മാത്രമാണു രക്ഷാദൗത്യത്തിന്റെ സേവനം നിലവിൽ ഉപയോഗപ്പെടുത്താനാകുന്നത്. അതുകൊണ്ടുതന്നെ അകലെയുള്ളവരുടെ കാര്യത്തിലും സർക്കാർ സജീവ ശ്രദ്ധ പുലർത്തണമെന്നും വിദ്യാർഥികൾ പറഞ്ഞു. യുദ്ധത്തിന് തൊട്ടുമുൻപ് അബുദാബിയിലെത്തിയ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി കണ്ണൂർ സ്വദേശി ദ്യുതിയും കുടുംബത്തിനും ആശ്വാസ തീരത്തെത്തിയ പ്രതീതിയാണ്.

കാലാവധി തീരാറായ യുഎഇ റെസിഡൻസ് വീസ പുതുക്കാൻ എത്തി 23ന് മടങ്ങാനിരിക്കവെയാണ് യുദ്ധം ആരംഭിക്കുന്നത്. ഇതോടെ യാത്ര ഒരാഴ്ചത്തേക്കുകൂടി നീട്ടുകയായിരുന്നു. താൻ സുരക്ഷിത സ്ഥലത്താണെങ്കിലും യുദ്ധമുഖത്തുള്ള സഹപാഠികളെയോർത്ത് വേവലാതിയിലാണ് ദ്യുതി.

Related News