കുവൈത്തില്‍ ഉംറ തീർത്ഥാടനത്തിന് തിരക്കേറുന്നു

  • 01/03/2022

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഉംറ തീർത്ഥാടനത്തിന് തിരക്കേറുന്നു. നീണ്ട ദേശീയദിന അവധി ദിവസങ്ങളെ തുടര്‍ന്ന് ആയിരക്കണക്കിന് സ്വദേശികളും വിദേശികളുമാണ് സൗദിയിലേക്ക് യാത്രയായത്. നേരത്തെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഉംറ തീര്‍ഥാടനത്തിനുള്ള അനുമതിക്കായി ഏര്‍പ്പെടുത്തിയ പ്രായ നിബന്ധനകള്‍ സൗദി ഹജ്ജ് ഉംറ മന്ത്രാലയം പിന്‍വലിച്ചിരുന്നു. പുതിയ തീരുമാന പ്രകാരം ഏത് പ്രായക്കാര്‍ക്കും ഉംറ നിര്‍വഹിക്കുന്നതിനായി മക്കയിലെ മസ്ജിദുല്‍ ഹറാമിലേക്ക് പ്രവേശനം അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ഉംറ പെര്‍മിറ്റിന് അപേക്ഷ നല്‍കേണ്ട ഇഅ്തമര്‍നാ ആപ്പില്‍ വരുത്തിയതായും സൗദി അധികൃതര്‍ അറിയിച്ചു. 

അതിനിടെ തീര്‍ഥാടന വേളയില്‍ മാസ്‌ക്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നീ നിബന്ധനകളില്‍ മാറ്റമില്ലെന്നും മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും ഈ നിബന്ധനകള്‍ ബാധകമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇഅ്തമര്‍നാ, തവക്കല്‍നാ ആപ്പുകളിലൂടെ ഉംറയ്ക്കും പ്രാര്‍ഥനയ്ക്കും അനുമതി നല്‍കുമ്പോള്‍ നിര്‍ണയിച്ചു നല്‍കുന്ന സമയക്രമം കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കണം. എല്ലാവരും ഒരേ സമയത്ത് എത്തി വലിയ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനാണ് പ്രത്യേകം സമയക്രമം നിശ്ചയിച്ചു നല്‍കിയിരിക്കുന്നതെന്നും അത് തെറ്റിക്കുന്നവര്‍ക്ക് തീര്‍ഥാടന കേന്ദ്രങ്ങളില്‍ പ്രവേശിക്കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഉംറയ്ക്കുള്ള യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിച്ചതായും മക്കയിലെ രണ്ട് രാത്രികളും മദീനയിലെ ഒരു രാത്രിയും ഉൾപ്പെടെ അഞ്ച് ദിവസത്തെ 120 മുതൽ 135 ദിനാർ പാക്കേജില്‍ നിരവധി തീര്‍ഥാടകര്‍ പുണ്യ നഗരിയിലേക്ക് യാത്രയായതായും ഏജന്‍സികള്‍ പറഞ്ഞു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News