എണ്ണ വില കുതിച്ചുയരുന്നു; കുവൈത്തില്‍ ബാരലിന് ഒരു ദിവസം കൂടിയത് 4.18 ഡോളര്‍

  • 02/03/2022

കുവൈത്ത് സിറ്റി : ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. കുവൈറ്റ് എണ്ണ ബാരലിന് 4.18 ഡോളർ ഉയർന്ന് 102.31 ഡോളറിലെത്തി.ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 7 ഡോളർ ഉയർന്ന് ബാരലിന് 104.97 ഡോളറും യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 7.69 ഡോളർ ഉയർന്ന് 103.41 ഡോളറിലെത്തിയതായി അൽ റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. യുക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യക്കെതിരെ ഉപരോധ നടപടികൾ കടുപ്പിച്ചതാണ്​ പൊടുന്നനെ വില ഉയരാൻ കാരണം. 

അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും റഷ്യയുടെ ഊർജ മേഖലയിലേക്ക്​ കൂടി ഉപരോധം ദീർഘിപ്പിക്കാനുളള നീക്കത്തിലാണ്​. അങ്ങനെ വന്നാൽ എണ്ണവില ബാരലിന്​ 130 ഡോളർ വരെ ഉയരുമെന്നാണ് കരുതുന്നത്. അതിനിടെ ഉല്‍പാദനം ഗണ്യമായി ഉയര്‍ത്താന്‍ കുവൈത്ത് ഉള്‍പ്പെടെ പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ശക്തമാണ്. എണ്ണ വിലയിലെ വര്‍ധന ലോക രാജ്യങ്ങളില്‍ അവശ്യ സാധനങ്ങളുടെതടക്കം എല്ലാത്തിനും വില വര്‍ധിക്കാന്‍ ഇടയാകും.

Related News