ലോകാരോഗ്യ സംഘടന പ്രതിനിധി സംഘം കുവൈത്തിലെ സ്കൂളുകൾ സന്ദർശിക്കുന്നു

  • 03/03/2022

കുവൈത്ത് സിറ്റി: ആരോഗ്യവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വശങ്ങളെക്കുറിച്ച് അറിയാൻ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി സംഘം ചില സ്കൂളുകൾ സന്ദർശിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിച്ചു. ഇത് സംബന്ധിച്ച് ആരോ​ഗ്യ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് കൈമാറിയിട്ടുണ്ട്. ഇരു മന്ത്രാലയങ്ങളും തമ്മിലുള്ള തുടർച്ചയായ സഹകരണത്തെ കത്തിൽ പ്രശംസിക്കുന്നുണ്ട്. കൂടാതെ അബ്‍ദുള്ള അൽ സലേം, ഷമിയ എന്നീ പ്രദേശങ്ങൾ ലോകാരോഗ്യ സംഘടന സന്ദർശിക്കുമെന്നും കത്തിൽ അറിയിച്ചു. 

ആഗോള ആരോഗ്യ നഗരങ്ങളുടെ അംഗീകാരത്തിനായി അബ്‍ദുള്ള അൽ സലേം, ഷമിയ എന്നീ പ്രദേശങ്ങളുടെ അന്തിമ വിലയിരുത്തലിനും സുറ, അൽ അദാലിയ പ്രദേശങ്ങളുടെ പ്രാഥമിക വിലയിരുത്തലിനും വേണ്ടിയാണ് ലോകാരോഗ്യ സംഘടന പ്രതിനിധി സംഘം കുവൈത്തിൽ എത്തുന്നത്. ആരോഗ്യവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വശങ്ങൾ കണ്ടെത്തുന്നതിന് മേഖലയിലെ സ്കൂളുകൾ സന്ദർശിച്ച് സംഘം മൂല്യനിർണ്ണയം നടത്തും. സ്കൂൾ പ്രതിനിധികൾ സന്ദർശന വേളയിൽ സന്നിഹിതരായിരിക്കണമെന്നും നിർദേശമുണ്ട്.

Related News