ഇന്ധന വില വർധിച്ചതോടെ വിമാന ടിക്കറ്റ് നിരക്കും ഉയരുന്നു

  • 09/03/2022


അബുദാബി: ഇന്ധന വില വർധിച്ചതോടെ വിമാന ടിക്കറ്റ് നിരക്കും ഉയരുന്നു. കുവൈത്തിലെ ജസീറ എയർവെയ്സാണ് നിരക്കു വർധനയ്ക്കു തുടക്കമിട്ടത്. ജിസിസി, അറബ് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് (3 മണിക്കൂറിൽ കുറവുള്ള സെക്ടറിൽ) ഇന്നലെ മുതൽ നിരക്കിൽ 5 ദിനാർ (1267 രൂപ) കൂടി.

3 മണിക്കൂർ കൂടുതൽ യാത്രാ ദൈർഘ്യമുള്ള സെക്ടറുകളിലേക്ക് 10 ദിനാർ (2535 രൂപ) വർധിച്ചു. മറ്റ് എയർലൈനുകളും നിരക്കു കൂട്ടാനുള്ള ഒരുക്കത്തിലാണ്. ഗൾഫിലെ വേനൽ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ചുള്ള നിരക്കു വർധന ഇതിനു പുറമെയുണ്ടാകും. റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആഗോള ഇന്ധന, പ്രകൃതിവാതക വില ഗണ്യമായി വർധിച്ചു.

വിമാന ഇന്ധന വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 57% ശതമാനത്തിലധികം ഉയർന്നു. ജൂൺ വരെ മാസത്തിൽ 7% കൂടുമെന്നാണ് റിപ്പോർട്ട്. ഇതനുസരിച്ച് വിമാന നിരക്കിലും മാറ്റമുണ്ടാകും. ക്രൂഡ് ഓയിൽ വില കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി ബാരലിന് 130 ഡോളർ ആയി. വില ഇനിയും ഉയരുമെന്നാണ് സൂചന.

ഈ നില തുടർന്നാൽ വിമാന കമ്പനികൾക്ക് പ്രവർത്തന ചെലവിന്റെ പകുതി ഇന്ധനത്തിനു മാറ്റിവയ്ക്കേണ്ടിവരുമെന്ന് ഇന്റർനാഷനൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ സൂചിപ്പിച്ചു. ലോകരാജ്യങ്ങൾ കൊറോണ നിയന്ത്രണങ്ങളിൽ ഇളവു നൽകുന്നതിനാൽ വരും ദിവസങ്ങളിൽ വിമാന യാത്രകൾ വർധിക്കും.

കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 35% വർധനയുണ്ടെന്ന് ട്രാവൽ ഏജൻസികൾ സൂചിപ്പിച്ചു. വിനോദ യാത്രകളും മറ്റും പുനരാരംഭിച്ചു തുടങ്ങി. വേനൽ അവധിക്കാലത്ത് യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുതലായതിനാൽ നിരക്കും കൂടുമെന്നാണ് സൂചന. 

Related News