യുഎഇയിൽ കൃത്യസമയത്ത് ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ കടുത്ത നടപടിയുമായി അധികൃതർ

  • 11/03/2022




അബുദാബി: യുഎഇയിൽ കൃത്യസമയത്ത് ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ കടുത്ത നടപടിയുമായി അധികൃതർ രംഗത്തെത്തി. കമ്പനികൾക്ക് വൻതുക പിഴ ചുമത്തുന്നതിനു പുറമെ വിവിധ സർക്കാർ സേവനങ്ങളും തടയും. വേതന കുടിശ്ശിക വരുത്തുന്ന സ്ഥാപനങ്ങൾക്ക് 3, 10 ദിവസങ്ങളിൽ മുന്നറിയിപ്പു നൽകും. 10 ദിവസത്തിനുശേഷവും വേതനം നൽകിയില്ലെങ്കിൽ നടപടിയെടുക്കുമെന്നും മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

നിയമലംഘനം ആവർത്തിക്കുന്ന കമ്പനികളുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കം കടുത്ത നടപടികളുമുണ്ടാകും എന്ന് അധികൃതർ അറിയിച്ചു. 17 ദിവസത്തിൽ കൂടുതൽ വേതനം വൈകിപ്പിക്കുന്ന അൻപതോ അതിലേറെയൊ തൊഴിലാളികളുള്ള സ്ഥാപനത്തിൽ മന്ത്രാലയ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധന നടത്തി നടപടി സ്വീകരിക്കും. ചെറുകിട സ്ഥാപനങ്ങളാണെങ്കിൽ വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യുന്നത് താൽക്കാലികമായി നിർത്തിവയ്‌ക്കും.

ശമ്പളം വൈകുന്ന കാലയളവനുസരിച്ച് പിഴയും വർധിക്കും. മുപ്പതോ അതിലധികമോ ദിവസം ശമ്പളം വൈകിപ്പിക്കുന്ന 50-499 തൊഴിലാളികൾ വരെയുള്ള കമ്പനികൾക്കെതിരെ നിയമ നടപടിയെടുക്കും. 500നു മുകളിൽ തൊഴിലാളികളുള്ള കമ്പനികളെ അപകടസാധ്യതയുള്ളവയുടെ ഗണത്തിൽപ്പെടുത്തി നടപടിയെടുക്കും. ഈ കമ്പനി ഉടമയുടെ കീഴിലുള്ള മറ്റു സ്ഥാപനങ്ങൾക്കും പുതിയ വർക്ക് പെർമിറ്റ് നൽകുന്നത് താൽക്കാലികമായി നിർത്തിവയ്‌ക്കുകയും 2 മാസത്തിലേറെ വേതനം വൈകിപ്പിക്കുന്ന കമ്പനികൾക്ക് പുതിയ വർക്ക് പെർമിറ്റ് നൽകുകയും ചെയ്യില്ല.

നിയമലംഘനം ആവർത്തിക്കുന്ന കമ്പനികൾക്ക് പിഴ ചുമത്തി താഴ്ന്ന ഗ്രേഡിലേക്ക് താഴ്‌ത്തും. 3 മാസത്തിൽ കൂടുതൽ ശമ്പളം വൈകിപ്പിച്ചാൽ പുതിയ വർക്ക് പെർമിറ്റ് നൽകുന്നതും പുതുക്കുന്നതും നിർത്തിവെക്കാനും വ്യവസ്ഥയുണ്ട്. 6 മാസത്തിൽ കൂടുതൽ വേതനം വൈകിപ്പിക്കുന്ന കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. 

വേതന സുരക്ഷാ പദ്ധതി അഥവാ ഡബ്ല്യുപിഎസ് അനുസരിച്ച് ബാങ്ക് വഴി വേണം ശമ്പളം വിതരണം ചെയ്യാൻ. ഈ സംവിധാനം മാനവശേഷി മന്ത്രാലയവുമായി ബന്ധിപ്പിച്ചതിനാൽ വേതനം നൽകാത്ത കമ്പനികളെക്കുറിച്ച് യഥാസമയം അറിയാനാകും. ശമ്പള കുടിശ്ശിക കേസുകളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിൽ 2009ലാണ് യുഎഇയിൽ ഡബ്ല്യുപിഎസ് സംവിധാനം നിലവിൽവന്നത്.

Related News