റമസാൻ അടുത്തതോടെ സമൂഹമാധ്യമങ്ങൾ വഴിയുള്ള പണപ്പിരിവ് വർധിച്ചതായി അധികൃതർ

  • 16/03/2022



അബുദാബി: റമസാൻ അടുത്തതോടെ സമൂഹമാധ്യമങ്ങൾ വഴിയുള്ള പണപ്പിരിവ് വർധിച്ചതായി മുന്നറിയിപ്പ് നൽകി അധികൃതർ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക സംവിധാനങ്ങളുള്ളപ്പോൾ തട്ടിപ്പിൽ കുടുങ്ങരുതെന്നും അധികൃതർ പറഞ്ഞു.

കദനകഥകൾ വിവരിച്ചുള്ള സന്ദേശങ്ങളിൽ കൂടുതലും വിദേശരാജ്യങ്ങളിൽ നിന്നാണ് എത്തുന്നത്. ആരാധനാലയ-വിദ്യാലയ നിർമാണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചും സന്ദേശങ്ങൾ എത്തുന്നുണ്ട്.

സന്ദർശക വീസയിലെത്തി ഭിക്ഷാടനം നടത്തുന്നതായിരുന്നു നേരത്തേയുള്ള രീതിയെങ്കിൽ ചെലവു കുറഞ്ഞതും സുരക്ഷിതവുമായ ഓൺലൈൻ സംവിധാനം ഉപയോഗിക്കുന്ന പ്രവണത കൂടിവരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനകളിൽ പെടാതെ പിരിവു നടത്താനാകുമെന്നതും ഓൺലൈൻ ഭിക്ഷാടനം വർധിക്കാനിടയാക്കി എന്നും അധികൃതർ പറഞ്ഞു.

യുഎഇയിൽ ഭിക്ഷാടനത്തിന് ഒരു ലക്ഷം ദിർഹമാണു പിഴ. യാചകരുടെ ജീവിത സാഹചര്യങ്ങളും ക്രിമിനൽ സ്വഭാവവും പരിഗണിച്ചാകും ശിക്ഷ. ഭിക്ഷാടനത്തിന് ആളുകളെ രാജ്യത്തെത്തിക്കുന്നവർക്ക്  3 മാസം തടവും അര ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ.

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ഐടി നിയമം 51 പ്രകാരം 3 മാസം തടവും 10,000 ദിർഹം പിഴയുമുണ്ടെന്ന് നിയമോപദേശകൻ ഡോ.യൂസുഫ് അൽ ശരീഫ് വ്യക്തമാക്കി. വ്യാജ വിവരങ്ങൾ നൽകി പണസമാഹരണം നടത്തുന്നതും ഈ നിയമത്തിന്റെ പരിധിയിൽ വരും.

Related News