ബസുകളിൽ മോശമായി പെരുമാറുന്നവർക്ക് 500 ദിർഹം പിഴ

  • 17/03/2022



അബുദാബി: ബസുകളിലെ ഡ്രൈവർമാരോടും യാത്രക്കാരോടും മോശമായി പെരുമാറുന്നവർക്ക് 500 ദിർഹം (10,000 രൂപ) വരെ പിഴ ചുമത്തുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ഡ്രൈവറെ ശകാരിക്കാനോ അസഭ്യം പറയാനോ സഹ യാത്രക്കാരെ ശല്യപ്പെടുത്താനോ പാടില്ല.

മാന്യമായി പെരുമാറണമെന്നും അഭ്യർഥിച്ചു. നിയമം ലംഘിക്കുന്നവർക്ക് കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് 100 (2073 രൂപ) മുതൽ 500 ദിർഹം വരെ പിഴയുണ്ടാകും. യാത്രയ്ക്ക് ഉപയോഗിക്കുന്ന വ്യക്തിഗത കാർഡുകൾ മറ്റുള്ളവർക്ക് കൈമാറിയാലും പിഴ ഈടാക്കും. ബസ് യാത്രയ്ക്കിടെ തിന്നുക, കുടിക്കുക, പുക വലിക്കുക എന്നീ കുറ്റങ്ങൾക്ക് 200 ദിർഹമാണ് (4147 രൂപ) പിഴ. ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവർക്കും പിഴ 200 ദിർഹം.

മൂർച്ചയുള്ളതും തീപിടിക്കുന്നതുമായ വസ്തുക്കളുമായി യാത്ര ചെയ്യുന്നവർക്ക് 100 ദിർഹം പിഴ. സംവരണം ചെയ്ത സീറ്റുകൾ ദുരുപയോഗം ചെയ്യുന്നവർക്കും സമാന പിഴയുണ്ടാകുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.

Related News