ബിരുദപഠനത്തിൽ ഇനി സയൻസ്-ആർട്സ് വേർതിരിവുണ്ടാകില്ല; തൊണ്ണൂറുദിവസം വീതമുള്ള എട്ടു സെമസ്റ്ററുകൾ

  • 18/03/2022

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി 2022 അധ്യയനവർഷം മുതൽ നടപ്പാക്കുന്ന നാലുവർഷ ബിരുദകോഴ്‌സുകളുടെ കരടുമാർഗരേഖ യു.ജി.സി. പുറത്തിറക്കി. സയൻസ്-ആർട്‌സ് വിഷയങ്ങൾ എന്ന വേർതിരിവ് ഇനി ബിരുദകോഴ്‌സിനുണ്ടാവില്ല. ബഹുമുഖപ്രതിഭകളാക്കി വിദ്യാർഥികളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി ശാസ്ത്ര, സാങ്കേതിക, ആർട്സ് വിഷയങ്ങളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകും. 90 ദിവസങ്ങൾ വീതമുള്ള എട്ടുസെമസ്റ്ററുകളാകും കോഴ്സിലുണ്ടാവുക.

ആദ്യ മൂന്നുസെമസ്റ്ററുകളിൽ ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, ഗണിതം, വോക്കേഷണൽ എജ്യുക്കേഷൻ എന്നിവയാണ് പ്രധാന പഠനവിഷയങ്ങൾ. ഈ സെമസ്റ്ററുകളിലെ മാർക്കിന്റെയും അഭിരുചിയുടെയും അടിസ്ഥാനത്തിലാകും നാല്, അഞ്ച്, ആറ് സെമസ്റ്ററുകളിലേക്കുള്ള പ്രധാന പാഠ്യവിഷയങ്ങൾ (മേജർ വിഷയങ്ങൾ) വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാനാവുക.

ഏതുവിഷയത്തിലാണോ വിദ്യാർഥിപ്രാധാന്യം (സ്‌പെഷ്യലൈസേഷൻ) നൽകുന്നത് അതിലാണ് ഏഴ്, എട്ട് സെമസ്റ്ററുകളിൽ ഗവേഷണം നടത്തേണ്ടത്. ആദ്യവർഷ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്, രണ്ടാംവർഷം ഡിപ്ലോമ, മൂന്നാംവർഷം ബിരുദം, നാലാം വർഷം ഓണേഴ്‌സ് എന്നിങ്ങനെ ലഭിക്കും. അതായത് പഠനത്തിന്റെ ഏതുകാലഘട്ടത്തിലും നിശ്ചിതബിരുദത്തോടെ വിദ്യാർഥിക്ക് കോഴ്‌സ് അവസാനിപ്പിക്കാൻ സാധിക്കും. രണ്ട്, നാല് സെമസ്റ്റുകളിൽ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യാം. നൈപുണിപഠനത്തിന് പ്രാധാന്യം നൽകുന്നതിനാൽ പഠനശേഷം ജോലി നേടുന്നതിനും വിദ്യാർഥികൾക്ക് സാധിക്കും. ഡൽഹി സർവകലാശാലയിൽ ഈവർഷം മുതൽ കോഴ്‌സ് ആരംഭിക്കും. കേന്ദ്രത്തിനുകീഴിലുള്ള 90 സർവകലാശാലകളും ഈ അധ്യയനവർഷംതന്നെ കോഴ്‌സ് തുടങ്ങണമെന്ന് യു.ജി.സി. അറിയിച്ചു. കരടുമാർഗരേഖയിൽ ഏപ്രിൽ നാലുവരെ പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാം.

Related News