ദുബായ് എക്‌സ്‌പോ 2020 സന്ദർശിച്ചവരുടെ എണ്ണത്തിൽ വർധന

  • 19/03/2022




ദുബായ്: ദുബായ് എക്‌സ്‌പോ 2020 സന്ദർശിച്ചവരുടെ എണ്ണത്തിൽ വർധന. 20 ദശലക്ഷം സന്ദർശനങ്ങൾ എന്ന ശ്രദ്ധേയമായ നാഴികക്കല്ലിലാണ് എക്സ്പോ. ലോകത്തെ വിറപ്പിച്ച കോവി‍ഡ്19 ഭീതിക്കിടയിലും ഏറ്റവും വലിയ ആഗോള സമ്മേളനത്തിനായി യുഎഇയിൽ ലോകത്തെ ഒന്നിച്ചുനിർത്തി സൃഷ്ടിച്ച വിസ്മയ നേട്ടമെന്ന് അധികൃതർ ഇതിനെ വിശേഷിപ്പിച്ചു. സമാനതകളില്ലാത്ത സാംസ്കാരിക, വിദ്യാഭ്യാസ, വിനോദ പരിപാടികൾ സംയോജിപ്പിച്ച്, അറബ് ലോകത്ത് ഇതുവരെ നടന്നിട്ടില്ലാത്ത ഏറ്റവും വലിയ പരിപാടിയായി എക്സ്പോ 2020 ദുബായ് മാറി. 

ഇന്ത്യയടക്കം 192 രാജ്യങ്ങൾ തങ്ങളുടെ ഏറ്റവും മികച്ച പദ്ധതികൾ പ്രദർശിപ്പിച്ചാണ് ഒത്തുചേര്‍‌ന്നത്. ലോകനേതാക്കൾ, അത്യാധുനിക കണ്ടുപിടുത്തങ്ങൾ, കായിക താരങ്ങൾ, ഗ്രാമി അവാർഡ് നേടിയ കലാകാരന്മാർ, അവിശ്വസനീയമായ വാസ്തുവിദ്യ, അറബ് സൂപ്പർസ്റ്റാറുകൾ, ആഗോള പാചകരീതി, ഓരോ ദിവസവും പുതിയതും വ്യത്യസ്തവുമായ പരിപാടികൾ എന്നിവയടക്കം ഈ മേഖലയിലെ 32,000 പരിപാടികളാണ് അരങ്ങേറിയത്. ഇന്ത്യയിൽ നിന്ന്, പ്രത്യേകിച്ച് കേരളത്തിൽ നിന്ന് ചലച്ചിത്ര താരങ്ങളും കേന്ദ്ര മന്ത്രിമാരുമടക്കം ഒട്ടേറെ പ്രമുഖർ സന്ദർശിച്ചു. ഇളയരാജ, എ.ആർ. റഹ്മാൻ എന്നിവർ സംഗീതാസ്വാദകരെ കോരിത്തരിപ്പിച്ചു.

2013-ൽ ഇൗ യാത്ര ആരംഭിച്ചപ്പോഴും അതിനുമുമ്പ് എക്‌സ്‌പോ 2020 ദുബായ്‌ക്കായി തങ്ങൾ ബിഡ് തയാറാക്കുമ്പോഴും ആഗോള സമ്മേളനത്തിനായി ലോകത്തെ ദുബായിലേയ്ക്ക് സ്വാഗതം ചെയ്യാനുള്ള ഒരുക്കം മനസിൽ നടത്തിക്കഴിഞ്ഞിരുന്നുവെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്‌സ് എയർലൈനിന്റെയും ഗ്രൂപ്പിന്റെയും ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവും എക്‌സ്‌പോ 2020 ദുബായ് ഹയർ കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സൗദ് അൽ മക്തൂം പറഞ്ഞു.

ഞങ്ങൾ ഈ സ്വപ്നം സാക്ഷാത്കരിച്ചുവെന്നത് ഇതിനകം തെളിയിച്ചു. എന്നാൽ ഇത്രയും കാലത്തെ പ്രയത്നത്തോടും കഠിനാധ്വാനത്തോടും ലോകം എങ്ങനെ പ്രതികരിച്ചു എന്നതിന്റെ യഥാർഥ സാക്ഷ്യമാണിത്. ദശലക്ഷക്കണക്കിന് ആളുകൾ ലോകത്തെവിടെയായിരുന്നാലും അവരുടെ എക്സ്പോ 2020 ദുബായ് ഓർമകൾ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും എപ്പോഴും പങ്കിടുമെന്ന് വിശ്വസിക്കുന്നു.

എക്‌സ്‌പോ 2020 ദുബായ് ഇത്രയധികം ജനപ്രീതി നേടിയതിൽ തങ്ങൾക്ക് സന്തോഷവും അഭിമാനവുമുണ്ടെന്ന് യുഎഇ സഹിഷ്ണുതാ മന്ത്രിയും എക്‌സ്‌പോ 2020 ദുബായുടെ സഹവര്‍ത്തിത്വ കമ്മീഷണറുമായ ഷെയ്ഖ് നഹ്യാൻ മബാറക് അൽ നഹ്യാൻ പറഞ്ഞു. ശ്രദ്ധേയമായ എന്തെങ്കിലും കാണാനും ആസ്വദിക്കാനും മാത്രമല്ല, സാമൂഹികവും പാരിസ്ഥിതികവുമായ വികസനത്തിന് ഒരുമിച്ച് പ്രവർത്തിക്കാനും വഴിയൊരുങ്ങി.

Related News