യുഎഇയിൽ നിയന്ത്രിത പട്ടികയിലുള്ള ഔഷധങ്ങളുമായി വരുന്നവർ മുൻകൂട്ടി അനുമതി വാങ്ങണം

  • 21/03/2022




ദുബായ്: യുഎഇയിൽ നിയന്ത്രിത പട്ടികയിലുള്ള ഔഷധങ്ങളുമായി  വരുന്നവർ മുൻകൂട്ടി അനുമതി വാങ്ങണമെന്ന് ആരോഗ്യ മന്ത്രാലയം. വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകൾ 3 മാസത്തേക്കുള്ളതു മാത്രം കൊണ്ടുവരാനാണ് അനുവാദം.

ഇതിന് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നേരത്തേ റജിസ്റ്റർ ചെയ്ത് അനുമതി വാങ്ങണം. വിനോദ സഞ്ചാരികൾക്ക് ഇതു നിർബന്ധമല്ലെങ്കിലും താമസക്കാർക്കു നിർബന്ധമാണെന്നു വ്യക്തമാക്കി. റജിസ്റ്റർ ചെയ്യുമ്പോൾ ഔഷധങ്ങളുടെ വിശദാംശങ്ങൾ നൽകണം.

ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം അനുമതി ഇ-മെയിലിൽ അയയ്ക്കും. നിയന്ത്രിത ഔഷധങ്ങൾ പരിധിയിലധികം അനുവദിക്കില്ല. രോഗിക്കു പ്രായപൂർത്തിയായില്ലെങ്കിൽ  രക്ഷിതാക്കളാണ് അപേക്ഷ നൽകേണ്ടത്. നിയന്ത്രിത പട്ടികയിൽ പെടാത്ത ഔഷധങ്ങൾക്കു നിയന്ത്രണമില്ല.  

അംഗീകൃത മെഡിക്കൽ റിപ്പോർട്ട് വേണം

നടപടികൾ പൂർത്തിയാകാൻ 3 ദിവസം വേണ്ടിവരും. രോഗിയെ ചികിത്സിക്കുന്ന മെഡിക്കൽ സ്ഥാപനത്തിൽ നിന്നുള്ള റിപ്പോർട്ട് ചുമതലപ്പെട്ടവരോ സ്ഥാനപതി കാര്യാലയങ്ങളോ സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം നൽകണം. ഒരു വർഷത്തിൽ കൂടുതൽ പഴക്കമുള്ള റിപ്പോർട്ടുകൾ പരിഗണിക്കില്ല.  

ശ്രദ്ധിക്കണേ ഈ കാര്യങ്ങൾ

∙അനുമതി ഒന്നിലധികം തവണ പ്രയോജനപ്പെടുത്താൻ പാടില്ല. ഓരോ തവണയും പ്രത്യേകം പെർമിറ്റ് എടുക്കണം. 

∙ ഡോക്ടറുടെ കുറിപ്പടികളിൽ ഒപ്പും സ്ഥാപനത്തിന്റെ മുദ്രയുമുണ്ടാകണം.  മരുന്നുകൾക്കൊപ്പം കുറിപ്പടി ഉണ്ടാകുകയും വേണം. 

∙ രോഗിയുടെ മുഴുവൻ പേരും രേഖപ്പെടുത്തിയ കുറിപ്പടി 3 മാസത്തിനുള്ളിൽ നൽകിയതായിരിക്കണം. ചികിത്സാ  കാലാവധിയും രേഖപ്പെടുത്തണം. 

∙ മരുന്നിന്റെ വിശദാംശങ്ങൾ ഇതിലുണ്ടാകണം. തീയതിയും ഉപയോഗിക്കേണ്ട രീതിയും രേഖപ്പെടുത്താത്തവ അംഗീകരിക്കില്ല.

Related News