യുഎഇയിൽ, സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകർക്ക് ഇനി ലൈസന്‍സ് നിർബന്ധം: പ്രതിസന്ധിയിലായി മലയാളികൾ ഉൾപ്പെടെയുള്ള അധ്യാപകർ

  • 22/03/2022



ദുബായ് : യുഎഇയിൽ, സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകർക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിയതോടെ മലയാളികൾ ഉൾപ്പെടെയുള്ള അധ്യാപകർ പ്രതിസന്ധിയിലായി. ലൈസന്‍സ് ലഭിക്കാനാവശ്യമായരേഖകളില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത നൂറുകണക്കിന് അധ്യാപകരാണ് രാജ്യത്തെ വിവിധ എമിറേറ്റുകളിലുള്ളത്. രേഖകള്‍ കൃത്യമായി സമര്‍പിച്ചവര്‍ക്കും യോഗ്യതാ പരീക്ഷകള്‍ വിജയിച്ചവര്‍ക്കും കഴിഞ്ഞ പതിനാല് മുതല്‍ അധികൃതര്‍ ലൈസന്‍സ് നല്‍കിയിരുന്നു.

ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് പ്രൈവറ്റ് രജിസ്ട്രേഷനിലൂടെയും വിദൂര വിദ്യാഭ്യാസത്തിലൂടെയും ഓരോ വര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ബിരുദ പഠനം പൂര്‍ത്തിയാക്കുന്നത്. 

സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയിഡഡ് കോളജുകളില്‍ പ്രവേശനം നേടാത്തവരാണ് പ്രധാനമായും പ്രൈവറ്റായും വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലൂടെയും പഠനം നടത്തേണ്ടി വരുന്നത്.ബിരുദത്തിന് ശേഷം ബി എഡും പൂര്‍ത്തിയാക്കിയവര്‍ക്കാണ് സ്‌കൂളില്‍ ടീച്ചര്‍മാരായി ജോലിചെയ്യാന്‍ അടിസ്ഥാന യോഗ്യതയായി കണക്കാക്കുന്നത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലേക്ക് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കണം. ഇതില്‍ ബിരുദ സര്‍ട്ടിഫിക്കറ്റിന് യു എ ഇയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതാ അംഗീകാരം നേടേണ്ടതുണ്ട്. 

ഇതിനായി സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനലാണോ എന്ന് ഓരോരുത്തരും പഠനം നടത്തിയ സര്‍വകലാശാലകളില്‍ നിന്നുള്ള സാക്ഷ്യപത്രവും ഹാജരാക്കണം. ഏത് രീതിയിലാണ് പഠനം പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും ഇതില്‍ വ്യക്തമായിരിക്കണം. ഇപ്രകാരം സാക്ഷ്യപ്പെടുത്തിയ ജെന്യൂനിറ്റി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് യു എ ഇയിലെ വിദ്യാഭ്യാസ മന്ത്രാലയം തുല്യത നല്‍കിവരുന്നത്.

കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെല്ലാം ബിരുദ സീറ്റുകള്‍ കുറവായതിനാല്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കേണ്ടിവരുന്നത്. ഇപ്രകാരം പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഇവരുടെ ഭാവി ആശങ്കയിലാണ്. 

അധ്യാപകര്‍ക്ക് പുറമെ ലൈബ്രറേറിയന്‍, ലാബ് അസിസ്റ്റന്റ്, കൗണ്‍സിലര്‍ തുടങ്ങിയവര്‍ക്കും സമാനമായ പ്രശ്നം നേരിടുന്നുണ്ട്. പ്രശ്നം സംബന്ധിച്ച്‌ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വരെയുള്ളവരെ പല സമയങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നാണ് അധ്യാപകർ പറയുന്നത്.

കേരളത്തിലെ പല എം എല്‍ എമാരെയും കോഴിക്കോട് സര്‍വകലാശാല വിസിയേയുമെല്ലാം ഉദ്യോഗാര്‍ഥികള്‍ സമീപിച്ചിരുന്നെങ്കിലും പ്രശ്നത്തിന് പരിഹാരമുണ്ടായിട്ടില്ല. യു എ ഇക്ക് പുറമെ ഖത്തർ, ഒമാന്‍ തുടങ്ങിയ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെയും അധ്യാപകര്‍ സമാന പ്രശ്നം നേരിടുന്നുണ്ട്. 

യു എ ഇയില്‍ ദുബായ് ഒഴികെയുള്ള മറ്റ് എമിറേറ്റുകള്‍ 2016 മുതല്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു. പ്രസ്തുത സര്‍ട്ടിഫിക്കറ്റും അംഗീകാരവുമില്ലാത്ത നിരവധി ജീവനക്കാരെ പല സ്‌കൂളുകളും പിരിച്ചുവിട്ടിരുന്നു.ഇതാണ് പലരിലും ആശങ്കയുണ്ടാക്കുന്നത്.

Related News