കെ റെയിൽ പ്രതിഷേധം; കേരളത്തിലെ എംപിമാരെ ദില്ലി പൊലീസ് മർദ്ദിച്ചു

  • 24/03/2022

ദില്ലി: ദില്ലിയിൽ കെ റെയിൽ പ്രതിഷേധത്തിനിടെ കേരളത്തിലെ എംപിമാർക്കെതിരെ ദില്ലി പൊലീസിൻറെ കയ്യേറ്റം. പാർലമെൻറ് മാർച്ച് നടത്തിയ എംപിമാരെ ദില്ലി പൊലീസ് കായികമായി നേരിട്ടു. ഹൈബി ഈഡൻ അടക്കമുള്ള എംപിമാർക്ക് മർദ്ദനമേറ്റു. ദില്ലി പൊലീസ് ഉദ്യോഗസ്ഥൻ ഹൈബിയുടെ മുഖത്തടിച്ചു. ടിഎൻ പ്രതാപനെ പൊലീസ് പിടിച്ചു തള്ളി. രമ്യ ഹരിദാസ് എംപിക്ക് നേരെയും കയ്യേറ്റമുണ്ടായി. കെ മുരളീധരൻ എംപിയെയും പൊലീസ് പിടിച്ചു തള്ളി. 

എംപിമാർ വിജയ് ചൗക്ക് ഭാഗത്ത് പ്രതിഷേധം നടത്തുന്നത് സർവ്വസാധാരണമാണ്. കേരളത്തിലെ എംപിമാർ മാത്രം പങ്കെടുത്ത പ്രതിഷേധത്തിന് നേരെയാണ് ദില്ലി പൊലീസ് അതിക്രമം ഉണ്ടായത്. രമ്യ ഹരിദാസ് എംപിയെ ദില്ലി പൊലീസിലെ പുരുഷൻമാർ മർദ്ദിച്ചുവെന്നാണ് പരാതി. വനിതാ പൊലീസുകാരൊന്നും സംഘത്തിലുണ്ടായിരുന്നില്ല. 

സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളെ കേരളത്തിലെ എൽഡിഎഫ് സർക്കാർ പൊലീസിനെ ഉപയോഗിച്ച് മർദിച്ച് ഒതുക്കുന്നുവെന്നായിരുന്നു ഹൈബി ഈഡന്റെ നോട്ടീസിലെ പ്രധാന വാദം.  സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളെ കേരളത്തിലെ എൽഡിഎഫ് സർക്കാർ പോലീസിനെ ഉപയോഗിച്ച് എതിർക്കുകയാണെന്നും സ്ത്രീകളും കുട്ടികളടക്കമുള്ളവരെ അതിക്രൂരമായിട്ടാണ് പൊലീസ് നേരിടുന്നതെന്നും ഹൈബി കൂട്ടിച്ചേർത്തിരുന്നു. കേരളം മുഴുവൻ പദ്ധതിക്കെതിരാണെന്നും എംപി നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്.

Related News