ആണവ വൈദ്യുതി രംഗത്ത് കുതിക്കാൻ ഇന്ത്യ; മൂന്ന് വർഷത്തിനുള്ളിൽ പത്ത് റിയാക്ടറുകൾ നിർമ്മിക്കാൻ തീരുമാനം

  • 27/03/2022

ദില്ലി: ആണവ വൈദ്യുത ഉൽപാദന രംഗത്ത് കുതിക്കാൻ ഇന്ത്യ. അടുത്ത മൂന്ന് വർഷത്തിനിടെ പത്ത് ഫ്ലീറ്റ് മോഡ് ആണവ റിയാക്ടറുകൾ നിർമിക്കാനാണ് തീരുമാനം. കർണാടകയിലെ കൈഗയിൽ അടുത്ത വർഷം ആദ്യത്തെ റിയാക്ടർ നിർമാണത്തിന് തുടക്കമാകും. വാർത്താ ഏജൻസിയായ പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയതത്. കൈഗ യൂണിറ്റ് 5, 6 എന്നിവയുടെ നിർമാണം (എഫ്പിസി-ഫസ്റ്റ് പൗറിങ് കോൺക്രീറ്റ്) 2023ൽ ഉണ്ടാകുമെന്ന് ശാസ്ത്ര സാങ്കേതിക വിദ്യയെക്കുറിച്ചുള്ള പാർലമെന്ററി പാനലിനെ അറ്റോമിക് എനർജി വകുപ്പ് അറിയിച്ചു. ഗോരഖ്പൂർ, ഹരിയാന, അനു വിദ്യുത് പ്രയോഞ്ജൻ യൂണിറ്റുകൾ 3, 4 എന്നിവയുടെ എഫ്പിസി 2024ൽ നടക്കുമെന്നും പ്രതീക്ഷിക്കുന്നു.

2017 ജൂണിൽ, 700 മെഗാവാട്ട് തദ്ദേശീയമായി നിർമ്മിച്ച പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകളുടെ (പിഎച്ച്ഡബ്ല്യുആർഎസ്)) പത്ത് കേന്ദ്രങ്ങൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. മൊത്തം 1.05 ലക്ഷം കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിർമാണ ചെലവ് ലാഭിക്കുന്നതിനും സമയം കുറയ്ക്കുന്നതിനുമായിട്ടാണ് പത്ത് റിയാക്ടറുകൾക്ക് ഒരുമിച്ച് സർക്കാർ അനുമതി നൽകുന്നത്. ഗൊരഖ്പൂർ മൂന്ന്, നാല് യൂണിറ്റുകൾക്കും കൈഗ അഞ്ച്, ആറ് യൂണിറ്റുകൾക്കുമുള്ള ടർബൈൻ ദ്വീപിനുള്ള എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണ പാക്കേജ് അനുവദിച്ചതായി ഡിപ്പാർട്ട്‌മെന്റ് ഓഫ് ആറ്റോമിക് എനർജി (ഡിഎഇ) അറിയിച്ചു.

ഫ്ലീറ്റ് മോഡിൽ അഞ്ച് വർഷത്തിനുള്ളിൽ ഒരു ആണവ നിലയം നിർമ്മിക്കാമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ നിലവിൽ 6780 മെഗാവാട്ട് ശേഷിയുള്ള 22 ആണവ റിയാക്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ജനുവരി 10 ന് ഗുജറാത്തിലെ 700 മെഗാവാട്ട് റിയാക്ടർ ഗ്രിഡുമായി ബന്ധിപ്പിച്ചെങ്കിലും ഇതുവരെ വാണിജ്യ പ്രവർത്തനം ആരംഭിച്ചിട്ടില്ല.

Related News