ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികൾ വെൻഡിങ് മെഷീനിൽ നിക്ഷേപിക്കൂ: സൗജന്യയാത്ര നൽകുമെന്ന വാഗ്ദാനവുമായി അബുദാബി

  • 29/03/2022


അബുദാബി: ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികൾ വെൻഡിങ് മെഷീനിൽ നിക്ഷേപിച്ചാൽ സൗജന്യയാത്ര നൽകുമെന്ന വാഗ്ദാനവുമായി അബുദാബി സംയോജിത ഗതാഗത കേന്ദ്രം. ബസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള വെൻഡിങ് മെഷീനുകളിൽ കുപ്പികൾ ഇടുന്നവർക്ക് പോയിന്റുകൾ ലഭിക്കും. ഈ പോയിന്റിനെ പണമാക്കി മാറ്റി ബസ് യാത്ര നടത്താം. 

നിലവിൽ നഗരത്തിലെ പ്രധാന ബസ് കേന്ദ്രത്തിൽ മാത്രമാണ് മെഷീൻ ഉള്ളതെങ്കിലും, വൈകാതെ പദ്ധതി മറ്റ് കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. ഉപയോഗശേഷം കുപ്പികൾ അലക്ഷ്യമായി ഉപേക്ഷിക്കുന്ന പ്രവണത ഈ പദ്ധതിയിലൂടെ ഇല്ലാതാക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. 600 മില്ലി വരെയുള്ള കുപ്പികൾക്ക് ഒരു പോയിന്റും, 600 മില്ലിയിൽ കൂടുതൽ വെള്ളം ഉൾകൊള്ളുന്ന കുപ്പികൾക്ക് രണ്ട് പോയിന്റുമാണ് ലഭിക്കുക. 

ഒരു പോയിന്റ് 10 ഫിൾസിന് തുല്യമായതിനാൽ, 10 പോയിന്റുകൾ ശേഖരിച്ചാൽ ഒരു ദിർഹം സ്വന്തമാക്കാം. ഹാഫിലാറ്റ് വഴിയാണ് ഈ പണം വ്യക്തിഗത ബസ് കാർഡിലേക്ക് മാറ്റേണ്ടത്. ഇത്തരത്തിൽ ശേഖരിക്കുന്ന കുപ്പികൾ പിന്നീട് പുനരുപയോഗ വസ്തുവാക്കി മാറ്റുമെന്നും അധികൃതർ അറിയിച്ചു.

Related News