യു.എ.ഇ യിൽ നിന്നും ഇന്ത്യയിലെത്തുന്ന പ്രവാസികൾക്ക് ഇനി പി.സി.ആർ പരിശോധന വേണ്ട

  • 01/04/2022


ന്യൂഡൽഹി : യു.എ.ഇ യിൽ നിന്നും ഇന്ത്യയിലെത്തുന്ന പ്രവാസികൾക്ക് പി.സി.ആർ പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ഒട്ടുമിക്ക ജി.സി.സി രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും ഇളവ് നൽകിയെങ്കിലും, യു.എ.ഇ.യിൽ നിന്ന് എത്തുന്നവർക്ക് പി.സി.ആർ. പരിശോധന വേണമെന്ന നിയമത്തിനെതിരെ പ്രവാസികൾ പ്രതിഷേധമറിയിച്ചിരുന്നു. പിന്നാലെയാണ് നടപടി. നിലവിൽ കുവൈത്തിൽ നിന്നെത്തുന്ന യാത്രക്കാർക്ക് മാത്രമാണ് പി.സി.ആർ പരിശോധന വേണ്ടത്. 

രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്കാണ് പി.സി.ആർ പരിശോധനയിൽ ഇളവ് നൽകിയതെന്നും, വാക്സിൻ എടുക്കാത്തവർ 72 മണിക്കൂർ മുൻപെങ്കിലും നടത്തിയ പരിശോധനയുടെ ഫലം ഹാജരാക്കണമെന്നും അധികൃതർ നിർദേശിച്ചു. യാത്ര പുറപ്പെടുന്നതിന്റെ 14 ദിവസങ്ങൾ മുൻപെങ്കിലും മറ്റ് വിദേശയാത്രകൾ നടത്തിയിട്ടുണ്ടെങ്കിൽ ഈ വിവരങ്ങൾ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനും നിർദ്ദേശമുണ്ട്. 

വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കിയവർ വാക്സിനേഷൻ സർട്ടിഫിക്കറ്റും സുവിധയിൽ അപ്‍ലോഡ് ചെയ്യണം. അഞ്ചുവയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് യാതൊരു പരിശോധനയും ഉണ്ടായിരിക്കില്ലെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. എന്നാൽ കോവിഡ് രോഗലക്ഷണങ്ങളോടെ എത്തുന്നവർ പരിശോധന നടത്തുകയും മറ്റ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും വേണം.

Related News