യുഎഇയിലെ ഇന്ധന വില രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ

  • 02/04/2022


അബുദാബി: യുഎഇയിലെ ഇന്ധന വില രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഏപ്രില്‍ മാസത്തേക്കുള്ള പുതിയ നിരക്ക് വെള്ളിയാഴ്‍ചയാണ് പ്രാബല്യത്തില്‍ വന്നത്. റഷ്യന്‍ - യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്‍ട്ര വിപണിയില്‍ അസംസ്‍കൃത എണ്ണവില കുത്തനെ ഉയര്‍ന്നതാണ് യുഎഇയിലെ ആഭ്യന്തര വിപണിയിലും വില വര്‍ദ്ധിക്കാന്‍ കാരണം.

പെട്രോളിന് 16 ശതമാനത്തിലധികവും ഡീസലിന് 26 ശതമാനവുമാണ് വില കൂടിയത്. സൂപ്പര്‍ 98 പെട്രോളിന് 3.23 ദിര്‍ഹമായിരുന്നത് വെള്ളിയാഴ്‍ച മുതല്‍ 3.74 ദിര്‍ഹമായി വര്‍ദ്ധിച്ചു. സ്‍പെഷ്യല്‍ 95 പെട്രോളിന്റെ വില 3.12 ദിര്‍ഹത്തില്‍ നിന്ന് 3.62 ദിര്‍ഹത്തിലെത്തി. ഇ - പ്ലസ് പെട്രോളിന് 3.55 ദിര്‍ഹമാണ് ഏപ്രില്‍ മാസത്തിലെ വില. മാര്‍ച്ചില്‍ ഇത് 3.05 ദിര്‍ഹമായിരുന്നു. 

ഡീസല്‍ വില 3.19 ദിര്‍ഹത്തില്‍ നിന്ന് 4.02 ദിര്‍ഹമായി വര്‍ദ്ധിക്കുകയും ചെയ്‍തു. 2015 മുതല്‍ അന്താരാഷ്‍ട്ര വിപണിയിലെ എണ്ണ വിലയ്‍ക്ക് അനുസൃതമായാണ് യുഎഇയിലെ പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്. ഇതിനായി ഊര്‍ജ മന്ത്രാലയത്തിന് കീഴില്‍ പ്രത്യേക കമ്മിറ്റിയും രാജ്യത്ത് നിലവിലുണ്ട്. 

Related News