ജനത്തിന്റെ നടുവൊടിച്ച് എണ്ണക്കമ്പനികൾ; പെട്രോളിനും ഡീസലിനും നാളെയും വില വർധിക്കും

  • 03/04/2022

ദില്ലി: രാജ്യത്ത് നാളെയും ഇന്ധന വില വർധിക്കും. നാളെ പെട്രോൾ ലിറ്ററിന് 42 പൈസയാണ് വർധിക്കുക. ഡീസൽ വിലയിലും ലിറ്ററിന് 42 പൈസ വർധിക്കും. ഇന്നലെയും രാജ്യത്ത് ഇന്ധന വില വർധിച്ചിരുന്നു. ഒരു ലിറ്റർ ഡീസലിന് 85 പൈസയും പെട്രോൾ ലിറ്ററിന് 87 പൈസയുമാണ് ഇന്നലെ വർധിപ്പിച്ചത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വർധനവ് തുടർച്ചയായി കുതിക്കുകയാണ്. മാർച്ച് 21 മുതൽ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടർച്ചയായി വില വർധിച്ചു.


അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ 14 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 71 പൈസയാണ് കൂട്ടിയത്. ഡീസലിന് 8 രൂപ 39 പൈസയും കൂട്ടി. തിരുവനന്തപുരത്ത് 115രൂപ 10 പൈസയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ വില 101 രൂപ 83 പൈസയിലെത്തി. കൊച്ചിയിൽ പെട്രോളിന് 113 രൂപ 2 പൈസയും ഡീസലിന് 99 രൂപ 98 പൈസയുമാണ് വില. കോഴിക്കോട് പെട്രോളിന് 113 രൂപ 19 പൈസയും ഡീസലിന് 100 രൂപ 16 പൈസയുമാണ് പുതുക്കിയ നിരക്ക്.

Related News