ദുബായില്‍ നിന്ന് കോടികള്‍ വായ്പ്പയെടുത്ത് മുങ്ങി നാട്ടിലെത്തി മതസ്ഥാപനങ്ങളുടെ രക്ഷാധികാരികളായി: കേന്ദ്ര അന്വേഷണ ഏജന്‍സി കാസര്‍കോട്ടേയ്ക്ക്

  • 05/04/2022


ദുബായില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്തു മുങ്ങിയ സംഘത്തെ അന്വേഷിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സി കാസര്‍ഗോഡേക്ക്. വ്യാജ സ്ഥാപനങ്ങളുടെ മറവില്‍ കാസര്‍ഗോഡ് സ്വദേശിയും സംഘവും തട്ടിയെടുത്തത് കോടിക്കണക്കിന് രൂപയാണ്. ദുബായില്‍ വന്‍ തട്ടിപ്പ് നടത്തി മുങ്ങിയ ശേഷം നാട്ടിലെത്തി ആഡംബര ജീവിതം നയിക്കുന്ന സംഘത്തെ തേടി കേന്ദ്ര രഹസ്യാന്വേഷണ സംഘം ഇന്ന് കാസര്‍ഗോഡ് എത്തും.

പല രീതികളിലാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. ആദ്യം യുഎഇയിലെ എമിറേറ്റ്സുകള്‍ കേന്ദ്രീകരിച്ചു ദുബായില്‍ പുതിയ ലൈസന്‍സ് എടുക്കും. തുടര്‍ന്ന്, വലിയ രീതിയില്‍ കച്ചവടം നടക്കുന്നു എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍, ഇവര്‍ തന്നെ നേരത്തെ തയ്യാറാക്കിയ മറ്റു സ്ഥാപനങ്ങള്‍ക്ക് ബാങ്കു മുഖേന ഇടപാട് നടത്തുകയും ചെയ്യും. ഇതിന് ശേഷം, മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ബിസിനസ്സ് മെച്ചപ്പെടുത്താന്‍ ലോണുകള്‍ക്കായി ബാങ്കുകളെ സമീപിക്കും. ഒരേ സമയം, നിരവധി ബാങ്കുകളില്‍ വ്യാപകമായി അപേക്ഷ നല്‍കുന്നതാണ് രീതി.

ഇതിന്, ആവശ്യമായ പേപ്പറുകള്‍ ബദിയടുക്ക സ്വദേശിയായ മുഖ്യ സൂത്രധാരനാണ് സംഘടിപ്പിക്കുന്നത്. ചെക്ക് നല്‍കിയും അല്ലാതെയും തട്ടിപ്പ് നടത്തി ബാങ്ക് വായ്പ എടുത്ത ശേഷം ഇന്ത്യയിലേക്ക് മുങ്ങുകയാണ് ഇവരുടെ രീതി. 150 കോടി രൂപയോളം രൂപയുടെ തട്ടിപ്പ് നടത്തിയ സംഘത്തിന്റെ മുഖ്യ സൂത്രധാരന്‍ ഇപ്പോഴും ദുബായില്‍ തട്ടിപ്പുകള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സിവികോണ്‍ ജനറല്‍ ട്രേഡിങ്, എം എസ് കെ ജനറല്‍ ട്രേഡിങ്, റീം ദുബായ് തുടങ്ങി നിരവധി വ്യാജ സ്ഥാപനങ്ങളുടെ മറവിലാണ് തട്ടിപ്പ് നടത്തിയത്.

ഇത്തരത്തില്‍, തട്ടിപ്പിനിരയായ ഹൈദരാബാദ് സ്വദേശിയും കാസര്‍ഗോഡ് സ്വദേശിയും കേന്ദ്ര രഹസ്യ അന്വേഷണ സംഘത്തിന് കൈമാറിയ വിവരങ്ങളാണ് ഇപ്പോള്‍ അന്വേഷണത്തിന് കാരണമായി മാറിയിരിക്കുന്നത്. തട്ടിപ്പിലൂടെ സമ്ബാദിക്കുന്ന പണം ആഡംബര ജീവിതത്തിനായാണ് ഇവര്‍ ഉപയോഗിക്കുന്നത്. നാട്ടിലെത്തി മതസ്ഥാപനങ്ങളുടെ രക്ഷാധികാരികള്‍ ആയി മാറുന്നതോടെ സമൂഹത്തില്‍ മാന്യതയുടെ മൂടുപടവും ലഭിക്കുന്നു.
തട്ടിപ്പ് നടത്തി ഉണ്ടാക്കിയ പണം കൊണ്ട്, പലരും സ്ഥലവും സ്ഥാപനങ്ങളും വാങ്ങിയിരിക്കുകയാണ്. പലതും ബന്ധുക്കളുടെ പേരിലാണ് ഉള്ളത്.

തട്ടിപ്പുകാരനായ കാസര്‍ഗോഡ് സ്വദേശിയുടെ പേരില്‍, രണ്ട് കൊട്ടാര സമാനമായ വീടുകള്‍ നിര്‍മ്മാണത്തിലാണ്. ഇയാളുടെ ജോലി എന്താണെന്ന് ചോദിച്ചാല്‍ ബാങ്ക് പേപ്പര്‍ വര്‍ക്ക് എന്നാണ്, ബന്ധുക്കള്‍ അവകാശപ്പെടുന്നത്. തട്ടിപ്പ് സംഘത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇന്ന് രഹസ്യാനേഷണ സംഘങ്ങള്‍ എത്തുന്നതോടെ പുറത്ത് വരും.

Related News