യുഎഇയില്‍ മരുമകളുടെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു

  • 05/04/2022

അബുദാബി: യുഎഇയില്‍ കുടുംബ വഴക്കിനിടെ നവവധുവിന്റെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദ് (63) ആണ് മരിച്ചത്. അബുദാബി ഗയാത്തിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് റൂബിയുടെ മകന്റെ ഭാര്യ ഷജനയെ അബുദാബി പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. കഴിഞ്ഞ ജനുവരിയിലാണ് റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദ് വിവാഹിതനായത്. ഓൺലൈനിലൂടെ ആണ് കോട്ടയം പൊൻകുന്നം സ്വദേശിനി ഷജനയുമായുള്ള വിവാഹം നടന്നത്. ഇവിടെ എത്തിയതിന് ശേഷമാണ് ഭാര്യയെ ആദ്യമായി കാണുന്നത്. ഭാര്യ ഷജനയെയും അമ്മ റൂബിയെയും സന്ദര്‍ശക വിസയില്‍ സഞ്ജു അബുദാബിയിലേക്ക് കൊണ്ടുവരികയായിരുന്നു. സഞ്ജുവിന്റെ ഭാര്യ ഷജനയുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ ഷജന മാതാവിനെ പിടിച്ചുതള്ളുകയും ഭിത്തിയിൽ തല ഇടിച്ചു വീണ് ഉടൻ മരിക്കുകയുമായിരുന്നു എന്നാണ് വിവരം.

ഗയാത്തി അൽ അൻസാരി എക്‌സ്‌ചേഞ്ച് ജീവനക്കാരനാണ് സഞ്ജു. ഫെബ്രുവരി 15നാണ് സഞ്ജു, മാതാവിനെയും ഭാര്യയെയും ജോലിസ്ഥലത്തേക്ക് കൊണ്ടുവന്നത്. ഷജനയെ തിങ്കളാഴ്ച രാത്രി  പോലീസ് കൊണ്ടുപോയി. റൂബിയുടെ മൃതദേഹം ബദാസായിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ അബുദാബി പോലീസിന്റെ അന്വേഷണം തുടരുകയാണ്. റൂബിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി.

Related News