ഒമാനില്‍ മാര്‍ബിള്‍ ക്വാറിയിലെ അപകടം: മരിച്ച 14 പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കും

  • 11/04/2022



മസ്‍കത്ത്: ഒമാനില്‍ മാര്‍ബിള്‍ ക്വാറിയില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കും. ഇബ്രിയില്‍ മാര്‍ച്ച് 27ന് ഉണ്ടായ അപകടത്തില്‍ 14 പേരാണ് മരണപ്പെട്ടത്. ഇവരില്‍ മൂന്ന് പേര്‍ ഇന്ത്യക്കാരും 11 പേര്‍ പാകിസ്ഥാനികളുമാണ്.

ദാഹിറ ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന ഇബ്‍റിയിലെ അല്‍ ആരിദില്‍ പ്രവര്‍ത്തിച്ചിരുന്ന മാര്‍ബിള്‍ ക്വാറിയിലാണ് അപകടമുണ്ടായത്. ഈ സമയത്ത് ഇവിടെ 55 പേര്‍ ജോലി ചെയ്‍തിരുന്നു. മരണപ്പെട്ട മൂന്ന് ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള എന്‍.ഒ.സി നല്‍കിയിട്ടുണ്ടെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 

നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒമാന്‍ അധികൃതരുമായും മരണപ്പെട്ടവര്‍ ജോലി ചെയ്‍തിരുന്ന കമ്പനി അധികൃതരുമായും എംബസി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. അപകടം നടന്നതായി വിവരം ലഭിച്ച ഉടന്‍ തന്നെ എംബസിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിരുന്നെന്നും അധികൃതര്‍ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്‍ടപരിഹാരം നല്‍കുമെന്ന് ക്വാറി ഉടമസ്ഥരായ 'ഇന്റര്‍നാഷണല്‍ മാര്‍ബിള്‍ കമ്പനി' ജനറല്‍ മാനേജര്‍ അറിയിച്ചു.

Related News